അലിഗഢ് യൂണിവേഴ്​സിറ്റിയില്‍ അമ്പലം പണിയണമെന്ന് യുവമോര്‍ച്ച

അലിഗഢ്​: അലിഗഢ്​ മുസ്​ലിം യൂണിവേഴ്​സിറ്റിയില്‍ ഹിന്ദു വിദ്യാര്‍ഥികള്‍ക്ക്​ പ്രാര്‍ഥിക്കാന്‍ അമ്ബലം പണിയണമെന്ന് യുവമോര്‍ച്ച. ഇൗ ആവശ്യം ഉന്നയിച്ച്‌​ യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ്​ മുകേഷ്​ സിങ്​ ലോധി യൂണിവേഴ്​സിറ്റി വൈസ്​ ചാന്‍സിലര്‍ക്ക്​ കത്തയച്ചു.

15 ദിവസത്തിനകം ആവശ്യത്തില്‍ തീരുമാനമെടുക്കണമെന്ന്​ യുവമോര്‍ച്ച പ്രസിഡന്‍റ്​ വ്യക്​തമാക്കി. അല്ലെങ്കില്‍ യൂണിവേഴ്​സിറ്റിയില്‍ വി​ഗ്രഹം സ്ഥാപിക്കുന്ന നപടികളുമായി മുന്നോട്ട്​ പോകുമെന്ന്​ അദ്ദേഹം പറഞ്ഞു. ഹിന്ദു വിദ്യാര്‍ഥികളും മുസ്​ലിം വിദ്യാര്‍ഥികളും യൂണിവേഴ്​സിറ്റിയുടെ രണ്ട്​ കണ്ണുകളാണെന്ന്​ യൂണിവേഴ്​സിറ്റിയുടെ സ്ഥാപകനായ സര്‍ സയ്യിദ്​ അഹമ്മദ്​ ഖാന്‍ പറഞ്ഞതും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

നിലവില്‍ യൂണിവേഴ്​സിറ്റിയില്‍ ഹിന്ദു വിദ്യാര്‍ഥികള്‍ക്ക്​ പ്രാര്‍ഥിക്കാന്‍ അവസരമില്ലെന്നും യുവമോര്‍ച്ച ആരോപിക്കുന്നു. കത്ത്​ കിട്ടിയിട്ടുണ്ടെന്ന്​ സ്ഥിരീകരിച്ച യൂണിവേഴ്​സിറ്റി കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയാറായില്ല.