അലഹബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയുടെ കൊലപാതകം: മുഖ്യപ്രതി പിടിയില്‍

അലഹബാദ്: അലഹബാദ് സര്‍വകലാശായില്‍ ദലിത് വിദ്യാര്‍ഥി ദിലീപ്‌സരോജിന്‌റെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍. അലഹബാദ് റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനാറായി ജോലി നോക്കുന്ന വിജയ് ശങ്കറാണ് പിടിയിലായത്. കഴിഞ്ഞ ദിവസം സംഭവത്തില്‍ പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഫെബ്രുവരി 11ന് കാട്രാ ബസാറില്‍ ഒരു കൂട്ടം ആള്‍ക്കാരുമായി നടന്ന വാഗ്വാദത്തിനിടയ്ക്കാണ്‌ അലഹബാദ് സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിയായ ദിലീപ് സരോജ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സരോജിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സരോജിന്‌റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായിരുന്നു. സരോജിനെ ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസിനു പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്.