അലഞ്ഞുതിരിയുന്ന തടാകം

ജൂലിയസ് മാനുവൽ

വലിയൊരു തടാകം ….. ഇത് ആദ്യം കണ്ട സഞ്ചാരികള്‍ രേഖപ്പെടുത്തിയ വഴിയെ പോയവര്‍ക്ക് നിരാശയായിരുന്നു ഫലം . അവര്‍ വേറൊരു തടാകം കണ്ടു . നൂറ്റാണ്ടുകള്‍ക്കു ശേഷം ഈ രണ്ടു തടാകങ്ങളും തിരക്കി ചെന്നവര്‍ക്ക്‌ ഒന്നും കാണാന്‍ സാധിച്ചില്ല . അവസാനം അനേക ശതകങ്ങള്‍ക്ക് ശേഷം ആ രഹസ്യത്തിന്റെ ചുരുള്‍ നിവര്‍ന്നു . എല്ലാവരും കണ്ടത് ഒരേ തടാകത്തിനെ തന്നെയാണ് ! അപ്പോള്‍ ഇതെങ്ങിനെ വ്യത്യസ്ത സ്ഥലങ്ങളില്‍ കണ്ടു ?

അതാണ് ഉത്തര ചൈനയിലെ (Lop Nor) ലോപ് നോർ തടാകത്തിന്റെ പ്രത്യേകത . പല നൂറ്റാണ്ടുകളില്‍ അടുത്തടുത്ത പല സ്ഥലങ്ങളില്‍ ആയിരുന്നു ഈ തടാകം ഉണ്ടായിരുന്നത്. ഉത്തരചൈനയിലെ മംഗോളിയന്‍ അതിര്‍ത്തിയിലാണ് വിശാലമായ റ്റരിം തടം (Tarim Basin) സ്ഥിതിചെയ്യുന്നത് . 1,020,000 ചതു: കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ കൂറ്റന്‍ തരിശുഭൂമി ഒരു endorheic ബേസിന്‍ ആണ് . എന്ന് വെച്ചാല്‍ ഇവിടുത്തെ ജലം ഇവിടെ തന്നെ കിടക്കും . ഇവിടെ നിന്നും അരുവിയോ പുഴയോ ഒന്നും ഉത്ഭവിക്കുന്നില്ല.

പ്രാചീന സഞ്ചാരികള്‍ ഈ വരണ്ട ഭൂമി എങ്ങിനെയും ഒഴിവാക്കാന്‍ ആഗ്രഹിച്ചിരുന്നു. ഒരു പച്ചപ്പോ മരുപ്പച്ചയോ ഒന്നുമില്ലാത്ത ഇവിടെ പെട്ടുപോയാല്‍ മരണം ഉറപ്പ് ! ഈ തടത്തിലാണ് Taklamakan മരുഭൂമി സ്ഥിതി ചെയ്യുന്നത് . ജര്‍മ്മനിയുടെ വലിപ്പം ഉണ്ട് ഈ മരുഭൂമിക്ക് ! ഇതൊരു shifting sand desert ആണ് . അതായത് ഇവിടെ ഇന്ന് കാണുന്ന കുന്ന് നാളെ ഒരു കുഴിയായിരിക്കും .

ഒഴുകി നടക്കുന്ന മണല്‍ത്തരികളും കനത്ത മണല്‍ക്കാറ്റും ഈ വരണ്ട മരുഭൂമിയെ ഭൂമിയിലെ ഏറ്റവും വിചിത്ര സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നു .

എന്നാല്‍ നാം കണ്ണുമിഴിക്കുന്നത് ഇവിടെയല്ല . ഈ വിചിത്ര ഭൂമിയില്‍ ക്രിസ്തുവിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ജനതതി ജീവിച്ചിരുന്നു എന്നുള്ളതാണ് . അലകളായി ഉയര്‍ന്നും താണും കിടക്കുന്ന വരണ്ട മണ്ണിനടിയില്‍ കാലം ഒളിപ്പിച്ച് വെച്ചിരുന്നത് സമാനതകളില്ലാത്ത ഒരു സംസ്കൃതിയെ ആണ് . മണലുകള്‍ക്കിടയിലൂടെ താഴെക്കരിച്ചിറങ്ങിയാല്‍ മറ്റൊരു നഗരം നമ്മുടെ മുന്‍പില്‍ തെളിയും . രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം മറ്റാരൊക്കെയോ ഇവിടെ ജീവിച്ചിരുന്നു . എങ്ങിനെ നില നിന്നു എന്നുറപ്പില്ല . ഒരു പക്ഷെ എവിടെ നിന്നോ പലായനം ചെയ്ത ഒരു ജനതതിയാവാം . അവരുടെ വരണ്ടുണങ്ങിയ അനേകം മമ്മികള്‍ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട് . ! Uigur ഭാഷയില്‍ Taklamakan എന്നാല്‍ അഭിമന്യുവിന്റെ അവസ്ഥയാണ് . ‘you can get into it but can never get out’ അതായത് നിങ്ങളിക്കിവിടെ പ്രവേശിക്കാം .. പക്ഷെ പുറത്തുകടക്കാനാവില്ല ! അതെ …. ഇവിടെ ജീവിച്ചിരുന്നവര്‍ ഇവിടെ തന്നെയോടുങ്ങി.

മാര്‍ക്കോ പോളോ അടക്കം അനേകം സഞ്ചാരികള്‍ ഈ വരണ്ടുണങ്ങിയ വഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ട് . ഹിമാലയത്തിന്റെ മഴനിഴല്‍ പ്രദേശമാകയാല്‍ ഇവിടെ മഴ തീര്‍ത്തും ഇല്ല . എന്നാല്‍ സൈബീരിയയുടെ സാമിപ്യം കാരണം താപനില −26.1 °C വരെ താഴാറുമുണ്ട് . ഈ വിചിത്ര ഭൂമിയുടെ നടുവിലാണ് നാം ആദ്യം പറഞ്ഞ Lop Nor തടാകം . ഈ തടാകം കണ്ടേക്കാം എന്ന് വെച്ച് ഇപ്പോള്‍ അവിടെ ചെന്നാല്‍ ഒന്നും കാണാന്‍ പറ്റില്ല ! കാരണം Lop Nor തടാകം എന്നന്നേക്കുമായി വറ്റിക്കഴിഞ്ഞു .

ഇങ്ങോട്ടേക്ക് ജലം എത്തിച്ചിരുന്ന രണ്ടു നദികളിലും ഇപ്പോള്‍ കൂറ്റന്‍ ഡാമുകള്‍ തലപൊക്കിയിരിക്കുന്നു . നിങ്ങളിലെ പരിസ്ഥിതിസ്നേഹി ഇപ്പോള്‍ ഉന്നര്‍ന്നു കാണും . പക്ഷെ ക്ഷമിക്ക് കാര്യം പറയട്ടെ.

നാം ആദ്യം പറഞ്ഞല്ലോ ഈ തടാകത്തിനു സ്ഥിരമായി ഒരു സ്ഥാനം ഇല്ലായിരുന്നു എന്ന് . എന്താണ് കാരണം ?

ഇങ്ങോട്ട് പ്രധാനമായും ജലമെത്തിച്ചിരുന്ന Tarim നദിയാണ് വില്ലന്‍ . സ്ഥിരമായി ഗതിമാറിയൊഴുകുന്ന സ്വഭാവത്തിനുടമയാണ് കക്ഷി . വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൃദുവായ ജൈവപശ്ചാത്തലവും കാരണമാണ് നദി ഓരോ തവണയും തോന്നും പോലെ ഒഴുകിക്കൊണ്ടിരുന്നത് . പക്ഷെ എങ്ങിനെ ഒഴുകിയാലും വിശാലമായ റ്റരിം തടത്തിലാണ് നദി ചെന്നവസാനിക്കുന്നത് . നദി എവിടെ അവസാനിക്കുന്നുവോ അവിടെ തടാകം രൂപം കൊള്ളും !

അതുകൊണ്ടാണ് നൂറ്റാണ്ടുകള്‍ ഇടവിട്ട്‌ ഇവിടം സന്ദര്‍ശിച്ചിരുന്ന സഞ്ചാരികള്‍ തടാകം പല സ്ഥലങ്ങളില്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത് . എന്തായാലും ഈ ഒളിച്ചുകളി അവസാനിപ്പിക്കുവാന്‍ തന്നെ ചൈന തീരുമാനിച്ചു . കൂറ്റന്‍ ഡാമുകള്‍ കെട്ടി നദീ ജലം പല സ്ഥലങ്ങളിലേക്ക് തിരിച്ചു വിട്ടു . നിര്‍ജീവമായ മരുഭൂമിയില്‍ ഈ ജലം ചെന്നിട്ട് എന്ത് കാര്യം ?

Lop Nor തടാകത്തിനു മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു . അവിടെ നിന്നും ജലം ഒഴുകിപ്പോകാന്‍ യാതൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല . തൽഫലമോ കെട്ടിക്കിടന്ന ജലത്തിന്‍റെ ഉപ്പുരസം ക്രമാതീതമായി വര്‍ധിച്ചു . അങ്ങിനെ അവസാനം ഇത് മറ്റൊരു ചാവുകടലായി മാറി . ഇപ്പോഴോ ? വറ്റി വരണ്ടു കിടക്കുന്ന തടാകത്തില്‍ എങ്ങും ഉപ്പു പരലുകള്‍ മാത്രം !

എന്തായാലും ഇത്രയും സ്ഥലം വെറുതെ കളയാന്‍ പറ്റില്ല എന്ന് ചൈന തീരുമാനിച്ചു . ഇതിപ്പോള്‍ അവരുടെ ന്യൂക്ലിയര്‍ ടെസ്റ്റ്‌ ബേസ് ആണ് . 1964 ല്‍ ചൈനയുടെ ആദ്യ ആറ്റംബോംബ് പരീക്ഷണമായ “596” പൊട്ടിച്ചത് ഇവിടെ വെച്ചാണ് . ഇപ്പോൾ നാപ്പത്തിയഞ്ചോളം അണുപരീക്ഷണങ്ങള്‍ അവര്‍ ഇവിടെ നടത്തിക്കഴിഞ്ഞു.
ഇപ്പോള്‍ മരുഭൂമിക്കു കുറുകെ ഒരു ദേശീയപാതയും (Xinjiang Provincial Hwy 235) വരണ്ട തടാകത്തിനടുത്തേക്ക് ഒരു തീവണ്ടിപ്പാതയും ചൈന നിര്‍മ്മിച്ചിട്ടുണ്ട് .

പെൻഗ് ജൈമു – മരുഭൂമി വിഴുങ്ങിയ സാഹസികന്‍ !

ചൈന കണ്ട എക്കാലത്തെയും പ്രശസ്തനായ പര്യവേഷകനായിരുന്നു പെന്‍ഗ് ജൈമു . 1980 ല്‍ തന്‍റെ അവസാന യാത്രയില്‍ ഒരുപറ്റം ഗവേഷകരേയും നയിച്ചുകൊണ്ട് അദ്ദേഹം ലോപ് നോര്‍ തടാകക്കരയില്‍ എത്തി . ജൂണ്‍ പതിനേഴാം തീയതി കുറച്ചു വെള്ളം ശേഖരിച്ച് തിരിച്ചു വരാം എന്നൊരു കുറിപ്പ് തന്‍റെ കൂടാരത്തില്‍ വെച്ച ശേഷം പുറത്തു പോയ പെങ്ങിനെ ഇന്നോളം പിന്നെ ആരും ജീവനോടെ കണ്ടിട്ടില്ല ! ചൈന തങ്ങളുടെ എല്ലാവിധ സൗകര്യങ്ങളും ഉപയോഗിച്ച് അദ്ദേഹത്തിനെ തിരഞ്ഞുവെങ്കിലും ഒരു തുമ്പും കിട്ടിയില്ല . ഇതിന് ശേഷം അനേകം അസ്ഥികൂടങ്ങള്‍ അവിടെ നിന്നും ലഭിച്ചു എങ്കിലും അതൊന്നും പെന്‍ഗ് ജൈമുവിന്‍റെ ആയിരുന്നില്ല . ഏതെങ്കിലും മണല്‍ക്കൂന ഇടിഞ്ഞ് വീണ് അദ്ദേഹം അതില്‍ പെട്ടിട്ടുണ്ടാവാം എന്നാണ് ഇപ്പോള്‍ കരുതുന്നത് .

N.B.ചിത്രത്തിൽ കാണുന്നത് തടാകം നിന്നിരുന്ന സ്ഥലവും , അവിടെ ഇപ്പോഴുള്ള പൊട്ടാഷ് പ്രൊഡക്ഷൻ പ്ലാന്റുമാണ്