അറയ്ക്കല്‍ ആയിശ

അബ്ദുല്ല ബിൻ ഹുസൈൻ പട്ടാമ്പി

അറയ്ക്കല്‍ ആയിശയെ ഒരു കഥാപാത്രമെന്ന നിലയിൽ നമ്മളെല്ലാം ആദ്യമറിയുന്നത്‌ പ്രിഥ്വിരാജ്‌ നായകനായ ഉറുമി എന്ന സിനിമയിലൂടെയാണ്. ആയിശ സിനിമക്ക്‌ വേണ്ടി നിർമ്മിച്ചെടുത്ത വെറുമൊരു കഥാപാത്രം മാത്രമായിരുന്നോ എന്ന് പലരും ചിന്തിച്ച്‌ കാണും. എന്നാൽ യഥാർത്ഥത്തിൽ ആയിശ ജീവിച്ചിരുന്ന ഒരു രാജകുമാരിയായിരുന്നു.

കണ്ണൂരിലെ അറക്കൽ രാജവംശത്തിൽ പിറന്ന ഒരു രാജകുമാരി. ആയിശയെ കുറിച്ച്‌ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും , ആയോധന വിദ്യയിലും രാജ്യ തന്ത്രജ്ഞതയിലും അതിനിപുണയായിരുന്നു എന്ന് മാത്രമല്ല , ഭരണ കാര്യങ്ങളിൽ അവർ തന്റെ മാതാവും കണ്ണൂരിന്റെ രാജ്ഞിയുമായിരുന്ന സുൽത്താന ആദിരാജ ജുനുമ്മ ബീവിയെ ( അറക്കൽ രാജവംശത്തിലെ 22ാമത്തെ ഭരണാധികാരിയും, മൂന്നാമത്തെ സുൽത്താനയും , ആയിരുന്നു. ഭരണ വർഷം എ. ഡി 1778 മുതൽ എ. ഡി 1818 വരെ ) സഹായിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.

അറക്കൽ ആയിശയുടെ ജനന , മരണ വർഷങ്ങളെ കുറിച്ച്‌ വ്യക്തമായ വിവരങ്ങളൊന്നുമില്ലെങ്കിലും ജീവിച്ചിരുന്നത്‌ ഏകദേശം എ. ഡി 1700 കളുടെ അവസാന പാദത്തിൽ ജനിക്കുകയും എ. ഡി 1800 കളിൽ ജീവിച്ചിരിക്കുകയും ചെയ്തിരുന്നതായി കരുതുന്നു. ജുനുമ്മ ബീവിയും ബ്രിട്ടീഷുകാരുമായുമുണ്ടായ യുദ്ദങ്ങളിൽ ആയിശ അറക്കലിന്റെ ബുദ്ദികേന്ദ്രമായി വർത്തിച്ചു.

എ. ഡി 1789ൽ മൈസൂർ സുൽത്താനായിരുന്ന ടിപ്പു സുൽത്താൻ , അറക്കൽ കൊട്ടാരം സന്ദർശിക്കുകയും അറക്കൽ രാജ്ഞി ജുനുമ്മ ബീവിയുമായി , ആയിശയുടെ മാതാവുമായി ബ്രിട്ടീഷുകാർക്കെതിരായ യുദ്ദത്തിൽ ടിപ്പുവിന്റെ കൂടെ അറക്കലും കൂട്ടു ചേരുമെന്ന ഉടമ്പടിയിലും, വാണിജ്യ , സുരക്ഷാ മേഖലകളിൽ പരസ്പര സഹകരണത്തിൽ ധാരണയാവുകയും വിവിധ കരാറുകളിൽ ഒപ്പു വെക്കുകയും ഉണ്ടായി.

കൂടെ ടിപ്പുവിന്റെ പുത്രൻ അബ്ദുൽ ഖാലിക്ക്‌ രാജകുമാരനുമായി അറക്കൽ ബീവിയുടെ പുത്രി അറക്കൽ ആയിശയുടെ വിവാഹക്കാര്യവും അവർ തമ്മിൽ നടന്ന ചർച്ചകളിൽ തീരുമാനിച്ചുറപ്പിച്ചിരുന്നു. എന്നാൽ മൂന്നാം ആംഗ്ലോ മൈസൂർ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ടിപ്പുവിന് മലബാർ നഷ്ടപ്പെടുകയും ചെയ്തതോടെ ഈ വിവാഹമടക്കം ടിപ്പു , അറക്കലുമായുണ്ടാക്കിയ കരാറുകളൊന്നും നടക്കാതെ പോയി. മാത്രമല്ല ബ്രിട്ടീഷ്‌ സേന കണ്ണൂരിനെ , അറക്കലിനെ പരാചയപ്പെടുത്തുകയും ബീവിയെ തടവുകാരിയാക്കുകയും അവരുടെ ഭർത്താവിനെ വധിക്കുകയും ചെയ്തു.

കൂടാതെ അറക്കലിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കണ്ണൂർ കോട്ടയും അറക്കലിന്റെ നിരവധി വാണിജ്യ , നാവിക കപ്പലുകളും പിടിച്ചെടുക്കുകയുമുണ്ടായി. രാജ്ഞിയേയും കുടുംബത്തേയും നാടുകടത്തുമെന്ന് ബ്രിട്ടീഷുകാർ ഭീഷണി മുഴക്കിയിരുന്നു എങ്കിലും അതുണ്ടായില്ല. പിന്നീട് ജുനുമ്മ ബീവിയെ അവർ മോചിപ്പിച്ചെങ്കിലും അധികാരങ്ങളും സ്ഥാനമാനങ്ങളും തിരികെ നൽകാൻ ബ്രിട്ടീഷുകാർ തയ്യാറായില്ല, എന്നു മാത്രമല്ല , അറക്കലിന്റെ അധീനതയിലുണ്ടായിരുന്ന ലക്ഷദ്വീപുകൾ ബ്രിട്ടീഷുകാർ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ഇതിനിടയിൽ നടന്ന സംഭവങ്ങളിൽ എവിടേയും ആയിശയെ കുറിച്ചുളള പരാമർശ്ശങ്ങൾ കാണാൻ കഴിയുന്നില്ല.

നടക്കാതെ പോയ കണ്ണൂർ കല്ല്യാണം. “അറക്കൽ ആയിശ” അതായിരുന്നു അവളുടെ പേര്.  മലബാറിന്റെ മൊഞ്ച്‌ ഏഴഴകും ചാർത്തിയ തട്ടത്തിൻ മറയത്തെ രാജകുമാരി. അവൾ ജനിച്ചത്‌ പുകൾപെറ്റ അറക്കൽ കെട്ടിൽ ( കൊട്ടാരത്തിൽ ). നാട്‌ ഭരിക്കുന്ന സുൽത്താനയുടെ പ്രിയ പുത്രിയായി. കണ്ണൂരും ലക്ഷ ദ്വീപും മാല ദ്വീപുകളും ( മാലി ദ്വീപ്‌ ) അടക്കി വാണ കണ്ണൂരിലെ അറക്കൽ ബീവിമാരിൽ ഒരാളായിരുന്ന സുൽത്താന ആദിരാജ ജുനുമ്മ ബീവിയായിരുന്നു ആയിശയുടെ പ്രിയ മാതാവ്‌.

ഒരു രാജകുമാരിയുടെ സർവ്വാഡംഭരങ്ങളോടേയും അവൾ അറക്കൽ കെട്ടിലെ കൊട്ടാര മുറികളിൽ വസിച്ച്‌ വന്നു. ദൂരെ മാപ്പിള ബേയിലും തുറമുഖത്തും നങ്കൂരമിടുന്ന വലിയ ചീനക്കപ്പലുകളിലും അറബി പത്തേമാരികളിലും കറുത്ത പൊന്ന് ( കുരുമുളക്‌ ) നിറച്ച ചാക്കുകൾ കയറ്റി വെക്കുന്നത്‌ കൊട്ടാര മട്ടുപ്പാവിൽ നിന്ന് ആയിശ കാണാറുണ്ട്‌. അങ്ങിനെ നോക്കി നിൽക്കേ ഒരു ദിവസം ഉച്ചക്ക്‌ വൻ രാജകീയ പരിവാരങ്ങളോടെ ഒരാൾ അറക്കൽ കെട്ടിലേക്ക്‌ കയറി വരുന്നത്‌ അവൾ കണ്ടു. ആയിരം അറബി കുതിരകളുടെ അകമ്പടിയോടെ ആനമേലേറ്റിയ അമ്പാരിയിൽ ഒരു വീര പുരുഷൻ ഇരിക്കുന്നതും അവൾ ശ്രദ്ദിച്ചു.

അത്‌ മൈസൂർ വ്യാഘ്രം എന്ന പേരിൽ പ്രശസ്തനായ “ഫതഹ്‌ അലി” എന്ന ടിപ്പു സുൽത്താനാണെന്ന് ആയിശ കേട്ടറിഞ്ഞു. തന്റെ ഉമ്മ, അഥവാ അറക്കൽ ബീവി സുൽത്താന ആദിരാജ ജുനുമ്മ ബീവിയുമായി കച്ചവട, രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് അദ്ദേഹം വരുന്നതെന്ന് തോഴിമാരിൽ നിന്ന് ആയിശ മനസ്സിലാക്കി. ചർച്ചകൾക്കും വിഭവ സമൃദ്ദമായ സൽക്കാരങ്ങൾക്കും ശേഷം സുൽത്താനും പരിവാരങ്ങളും കൊട്ടാരക്കെട്ട്‌ കടന്ന് പോവുന്നത്‌ അവൾ നോക്കി നിന്നു. ഇടക്കെപ്പഴോ തോഴി വന്ന് പറഞ്ഞു. വലിയ ബീവി ആയിശയെ വിളിക്കുന്നുണ്ടെന്ന വൃത്താന്തം. അറക്കലെ കെട്ടിൽ വലിയ ബീവിയെന്നാൽ സുൽത്താന തന്നെ. അഥവാ ആയിശയുടെ ഉമ്മ. സുൽത്താന ആദിരാജ. ആയിശ ചെന്നപ്പോൾ സ്നേഹത്തോടെ ഉമ്മ മഹാറാണി അവളെ തന്റെ സിംഹാസനത്തിന്നരികിൽ പിടിച്ചിരുത്തി. രാജ്യ കാര്യങ്ങൾ ചർച്ച ചെയ്യാനായിരിക്കും ഉമ്മ തന്നെ വിളിപ്പിച്ചതെന്ന് ആയിശ വിചാരിച്ചു.

ബീവി കുറേ നേരം ആയിശയുമായി സംസാരിച്ചു. പക്ഷെ വിവാഹക്കാര്യമായിരുന്നു ബീവിയുടെ വാക്കുകളിൽ നിറഞ്ഞ്‌ നിന്നത്‌. ആയിശക്ക്‌ മൊഞ്ചുളള മാരൻ വരുന്നുണ്ട്‌. വരൻ മൈസൂർ അധിപൻ ടിപ്പു സുൽത്താന്റെ പ്രിയ പുത്രൻ അബ്ദുൽ ഖാലിക്ക്‌ രാജകുമാരൻ. അവൾ ഏറെ കേട്ടിട്ടുണ്ട്‌ ആ രണശൂരനെ പറ്റി. ബ്രിട്ടീഷുകാരന്റെ പേടി സ്വപ്നമായ ആ ബാപ്പയുടെ അതേ ശൗര്യമുളള പുത്രൻ. വാർത്ത കേട്ടപ്പോൾ ആയിശ സ്വപ്നങ്ങൾ കണ്ട്‌ തുടങ്ങി. മൈസൂരിലെ ടിപ്പുവിന്റെ ലാൽ മഹൽ , ദാരിയ ദൗലത്ത്‌ കൊട്ടാരങ്ങളെ പറ്റിയും ദാരിയ ബാഗ്‌ പൂന്തോട്ടത്തെ കുറിച്ചും അവൾ നിരവധി കേട്ടിട്ടുണ്ടായിരുന്നു.

നിർമ്മാണ കലയുടെ മനോഹാരിത ചാർത്തിയ കെട്ടിടങ്ങളാണ് അവയൊക്കെ എന്ന് ആയിശക്ക്‌ അറിയാമായിരുന്നു. മൈസൂരുമായുളള വിവാഹ ബന്ധം രാജ്യത്തിന്റെ കെട്ടുറപ്പ്‌ കൂട്ടാൻ സഹായകമാവുമെന്ന് ബീവി അവളെ ഓർമ്മിപ്പിച്ചു. കൂടെ വിദേശികളെ നാട്ടിൽ നിന്ന് തുരത്താൻ മൈസൂരുമായുളള ചങ്ങാത്തം അറക്കലിന് ഏറെ ഗുണം ചെയ്യുമെന്നും ആയിശ മനസ്സിൽ കണ്ടു. കിനാവുകൾ ഞൊറിഞ്ഞെടുത്ത തിരശീല പിടിച്ച്‌ കൊട്ടാര കിളിവാതിലിനുളളിലൂടെ പുറം കാഴ്ച്ചകൾ കണ്ട്‌ ആയിശ നിന്നു. പക്ഷെ അവൾ കാണുന്നത്‌ താഴെ തെരുവിലൂടെ കടന്ന് പോവുന്ന കുതിരവണ്ടികളോ ജനങ്ങളെയോ ആയിരുന്നില്ല. അങ്ങ്‌ ദൂരെ, ശ്രീ രംഗപട്ടണത്തിലൂടെ, കാവേരി നദീ തീരത്തിലൂടെ ഒക്കെ ആയിരുന്നു അവളുടെ മനസ്സ്‌ അപ്പോൾ സഞ്ചരിച്ച്‌ കൊണ്ടിരുന്നത്‌. കളകളാരവം മുഴക്കി ഒഴുകി വരുന്ന കാവേരിയോട്‌ അവളുടെ മനസ്സ്‌ കിന്നാരം പറയുന്നുണ്ടായിരുന്നു.

ആയിശ ദിനങ്ങളെണ്ണി കാത്തിരുന്നു. അറക്കൽ കെട്ട്‌ കുമ്മായം പൂശി. ഒരുക്കങ്ങളെല്ലാം തകൃതിയിൽ നടക്കെ ഒരു ദിവസം അറക്കൽ കൊട്ടാരത്തെയാകെ ഞെട്ടിച്ച്‌ ആ വാർത്ത വന്നു. ബ്രിട്ടീഷുകാർ മൂന്നാമതും ടിപ്പു സുൽത്താനുമായി യുദ്ദം ആരംഭിച്ചിരിക്കുന്നുവെന്ന വാർത്ത. ആ വാർത്ത യാഥാർത്ഥ്യമായി അശനിപാതം പോലെ അറക്കൽ കൊട്ടാരത്തിനു മുകളിലും വർഷിച്ചു.

മലബാർ ടിപ്പുവിന് നഷ്ടമായി. കൂടെ അറക്കലിന് കണ്ണൂരും ലക്ഷ ദ്വീപുകളും മാല ദ്വീപുകളും. കണ്ണൂർ കോട്ടയും ബീവിയിൽ നിന്ന് ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. കൂടെ കണ്ണൂരിന്റെ നിരവധി വാണിജ്യ കപ്പലുകളും വെളളക്കാരൻ തട്ടിയെടുത്തു.
അവസാനം ബീവിക്ക്‌ സന്ധി ചെയ്യേണ്ടിയും വന്നു ബ്രിട്ടീഷുകാരനോട്‌.

അതിലുമേറെ നഷ്ടം സംഭവിച്ചത്‌ ആയിശക്കായിരുന്നു. അവളുടെ സ്വപ്നങ്ങൾക്ക്‌ മുകളിലായിരുന്നു ആ തീ മഴ പെയ്തിറങ്ങിയത്‌. അതിൽ അവയെല്ലാം കരിഞ്ഞില്ലാതായിപ്പോയി. കെട്ടിലെ ജനാല വിരി പിടിച്ച്‌ അവൾ തുറമുഖത്തേക്കും മാപ്പിള ബേയിലേക്കും നോക്കി നിന്നു. അറബി പത്തേമാരികളും ചീനക്കപ്പലുകളും കണ്ണൂരിന്റെ തുറമുഖങ്ങളിൽ നിന്ന് അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു അപ്പോഴേക്കും. പകരം യൂണിയൻ ജാക്ക്‌, ബ്രിട്ടീഷ്‌ പതാക പാറി കളിക്കുന്ന കൂറ്റൻ പടക്കപ്പലുകൾ തുറമുഖം വാഴുന്നത്‌ വേദനയോടെ അവൾ നോക്കി നിന്നു. പിന്നീടൊരിക്കൽ ടിപ്പുവിന്റെ ശ്രീ രംഗപട്ടണവും “അറക്കൽ ആയിശ”യുടെ, കണ്ണൂരിന്റെ രാജകുമാരിയുടെ സ്വപ്നത്തോടൊപ്പം അപ്രാപ്യമായ ദൂരത്തേക്ക്‌ മാഞ്ഞ്‌ പോയി…..