അറബിയും ഒട്ടകവും

സതീശൻ കൊല്ലം

മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തമായി പറയപ്പെടുന്നത് ചക്രത്തിന്റെ നിർമ്മിതിയാണ് .എന്നാൽ അറബികളുടെ ജീവിതം മാറ്റി മറിച്ചത് ഒട്ടകങ്ങളും പിന്നെ അവയുടെ മുകളില്‍ ഇരുന്നു യാത്ര ചെയ്യാന്‍ സൗകര്യപ്രദമായ ജീനികളുടെ കണ്ടുപിടിത്തവുമാണ് .കുതിരകളെ ഇണക്കി മനുഷ്യവാഹനമാക്കി മാറ്റിയതാണ് മഹാസാമ്രാജ്യങ്ങളുടെ ഉദയത്തിനു കാരണമായതെങ്കിൽ ഒട്ടകങ്ങൾ ഭൂഖണ്ഡാന്തര കരയാത്രയ്ക്കും വൻതോതിലുള്ള കച്ചവട സാധന കൈമാറ്റത്തിനും പുരാതന മനുഷ്യനെ പ്രാപ്തനാക്കി .

ഒട്ടകങ്ങളുടെ ജന്മദേശം അമേരിക്കന്‍ ഭൂഖണ്ഡമാണെന്നാണ് കരുതപ്പെടുന്നത് Ice age മുൻപ് അവ കിഴക്കന്‍ ഏഷ്യയിലേക്കും തുടര്‍ന്ന് മദ്ധ്യേഷ്യയിലും അറേബ്യയിലും വന്നെത്തി.Ice ageന്റെ സമയത്ത് വടക്കേ അമേരിക്കയിലെ ഒട്ടകങ്ങൾ നശിച്ചു പോയി.ഏഷ്യയിലും ആഫ്രിക്കയിലും അവ നിലനിന്നു .ഇന്ന് പ്രധാനമായും രണ്ടുതരം ഒട്ടകങ്ങളാണ് കാണപ്പെടുന്നത് ശീതമരുപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇരട്ടകൂനുള്ളവയും (Bactrianus)ഉഷ്ണമരുഭൂമിയിൽ കാണപ്പെടുന്ന ഒറ്റ കൂനുള്ളവയും (Dromedary).ഒട്ടകങ്ങളുടെ കൂനിനുള്ളിൽ ജലം സംഭരിക്കപ്പെട്ടിരിക്കുന്നു എന്നൊരു ധാരണ പഴയകാലത്തെ ജനങ്ങൾക്കുണ്ടായിരുന്നു എന്നാൽ കൂനുനുള്ളിൽ ശേഖരിക്കപ്പെട്ടിരിക്കുന്നത് കൊഴുപ്പാണ്(body fat).ഒട്ടകകുട്ടികൾ കൂനില്ലാതെയാണ് ജനിക്കുന്നത് .അവ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഒാടാൻ ആരംഭിക്കുന്നു. ഒട്ടകങ്ങൾ്ക്ക് രണ്ടു നിരയായി കൺപീലികളുണ്ട് .കണ്ണുകളെ പൊടിപടലങ്ങളിൽ നിന്നും സംരക്ഷിക്കാൻ വേണ്ടിയാണിത് കൂടാതെ മൂക്ക് അടച്ചു പിടിക്കാനും അവയ്ക്കു സാധിക്കും .

സോമാലിയയിലും തെക്കേ അറേബ്യയിലുമുള്ള ജനങ്ങളാണത്രേ ഒട്ടകങ്ങളെ ആദ്യമായി ഇണക്കിയെടുത്തത് .3000 B.Cയോടടുത്ത് ഒറ്റ കൂനുള്ള ഒട്ടകങ്ങളെ അവർ വളർത്തി തുടങ്ങിയത് പാലിനും മാംസത്തിനും വേണ്ടിയായിരുന്നു .അറബി ഭാഷയില്‍ ഒട്ടകവുമായി ബന്ധപ്പെട്ട 160 ഒാളം വാക്കുകളുണ്ടത്രേ. 2500B.C.യോടടുത്താണ് മദ്ധേഷ്യക്കാർ ഇരട്ടകൂനുള്ള Bactrian ഒട്ടകങ്ങളെ വളര്‍ത്തി തുടങ്ങുന്നത് .പക്ഷെ ഒട്ടകം വലിപ്പമുള്ള മൃഗമായതുകൊണ്ടും നീളമുള്ള കഴുത്തും തലയും ശരീരത്തില്‍ നിന്നും അകലെയായതുകൊണ്ടും കൂനുള്ളതിനാലും ജീനി കണ്ടുപിടിക്കും വരെ യാത്രവാഹനമാക്കാനോ ചരക്കു നീക്കത്തിനുപയോഗിക്കാനോ മനുഷ്യനു സാധിച്ചിരുന്നില്ല.പുരാതനകാലത്ത് ഗ്രീക്കുകാരും റോമാക്കാരും പേർഷ്യക്കാരുമെല്ലാം സാധനങ്ങള്‍ കൊണ്ടുപോകാനുപയോഗിച്ചിരുന്നത് കഴുതകളെയായിരുന്നു .യേശുക്രിസ്തു ജറുസലേമിലേക്കു വന്നത് കഴുതപ്പുറത്താണ് .

മൂന്നു ഗുണങ്ങളാണ് ഒട്ടകങ്ങളെ വാഹനങ്ങളാക്കാൻ മരുഭൂമിവാസികളെ പ്രേരിപ്പിച്ചത്  .ഒന്നാമതായി ,കടുത്ത ചൂടിനെ അതിജീവിക്കാനുള്ള കഴിവ് .രണ്ട്, മരുഭൂമിയിലൂടെ ദീർഘനേരം സഞ്ചരിക്കാനുള്ള ശേഷി .മൂന്ന് മറ്റു മൃഗങ്ങളെക്കാളും ഭാരം വഹിക്കാനുള്ള കഴിവ് എന്നിവയാണ്.വേനൽക്കാലത്ത് ഒട്ടകങ്ങൾക്ക് ആഴ്ചയിലൊരുപ്രാവശ്യം വെള്ളം നല്കിയാൽ മതിയാവും അതും ശുദ്ധജലം നിർബന്ധമില്ല .ഉപ്പിന്റെ അളവുകൂടിയ ജലം കുടിച്ച് നിലനില്‍ക്കാൻ അവയ്ക്കു സാധിക്കും .മെച്ചപ്പെട്ട പ്രജനനരീതികളിലൂടെ തങ്ങളുടെ ഉപയോഗങ്ങൾക്ക് അനുസൃതമായി മെച്ചപ്പെട്ട ഇനം ഒട്ടകങ്ങളെ അറബികൾ സൃഷ്ടിച്ചു .പ്രജനനത്തിന്റെ ആവശ്യത്തിനായി പെൺഒട്ടകങ്ങളെ സംരക്ഷിക്കുന്നതിൽ അറബികൾ അതീവ ശ്രദ്ധ പുലർത്തിയിരുന്നു .ഇന്നത്തെകാലത്തു പോലും പെൺഒട്ടകങ്ങളെ വില്ക്കുന്നതിൽ അറബികൾ വിമുഖരാണ്.

തെക്കേ അറേബ്യക്കാരാണ് ഒട്ടകപ്പുറത്തിരുന്നു യാത്ര ചെയ്യാനായി തുകലുകൊണ്ടുള്ള ജീനി ആദ്യം വികസിപ്പിച്ചത് .ഒട്ടകത്തിന്റെ കൂനിനു പിറകിലായാണ് അതുറപ്പിച്ചിരുന്നത് .കൂനിന്റെ പിറകിലിരുന്ന് നീളമുള്ള ഒരു കമ്പുകൊണ്ട് ഒട്ടകത്തെ നിയന്ത്രിക്കുന്നത് ആയാസകരമായിരുന്നു. ആദ്യകാലത്ത് അറബികൾ വെള്ളം കൊണ്ടുപോകാനാണ് ഒട്ടകങ്ങളെ ഉപയോഗിച്ചിരുന്നത് .അസ്സീറിയൻ രാജാവായിരുന്ന Esarhaddon തന്റെ ഇൗജിപ്ത് ആക്രമണകാലത്ത് (671 B.C.)അറബികൾ ഒട്ടകങ്ങളിൽ വെള്ളം കൊണ്ടു വന്ന് തന്റെ സൈന്യത്തിനു നല്കിയതായി പ്രസ്താവിക്കുന്നുണ്ട്.Esarhaddon ന് മുൻപും പിൻപുമുള്ള അസ്സീറിയൻ രാജാക്കന്മാർക്ക് അറബികൾ ഒട്ടകങ്ങളെ കപ്പമായി കാഴ്ചവെയ്ക്കാറുണ്ടായിരുന്നു . പിന്നീട് വടക്കന്‍ അറേബ്യക്കാർ ഒട്ടകകൂനിനുമുകളിൽ ഉറപ്പിക്കാവുന്ന മെച്ചപ്പെട്ട ജീനി വികസിപ്പിച്ചെടുത്തു .shaddad എന്നായിരുന്നു അതിന്റെ പേര് .താമസിയാതെ സൈനിക ആവശ്യത്തിനായി ഒട്ടകങ്ങളെ ഉപയോഗിച്ചു തുടങ്ങി .ഒട്ടകപ്പുറത്തേറി ആയുധങ്ങളുമായി വരുന്ന shaddad പോരാളികൾ അറേബ്യയിൽ കണ്ടു തുടങ്ങി ഒപ്പം സാധനങ്ങള്‍ കയറ്റി ഒട്ടകപ്പുറത്തെ യാത്രയും സുഗമമായി .

ക്രിസ്തുവിനു തൊട്ട് പിൻപുമുള്ള നൂറ്റാണ്ടുകളിൽ തെക്കന്‍ അറേബ്യയും വടക്കന്‍ അറേബ്യയും തമ്മിലുള്ള കച്ചവടം തകൃതിയായി .തെക്കുനിന്ന് സ്വർണ്ണവും സുഗന്ധദ്രവ്യങ്ങളും കുന്തിരിക്കവും മറ്റും വടക്കോട്ടും വടക്കുനിന്ന് ആയുധങ്ങള്‍ ,വസ്ത്രങ്ങൾ, ധാന്യങ്ങൾ ,ഇരുമ്പ് തുടങ്ങിയവ ഒട്ടകങ്ങളിലൂടെ എത്തിക്കുവാൻ തുടങ്ങി .മരുഭൂമിയിലെ കൊള്ളക്കാരെ ഭയന്ന് വലിയ സംഘങ്ങളായി കച്ചവടക്കാർ സഞ്ചരിക്കാൻ തുടങ്ങി .അവർക്ക് വഴികാട്ടികളായും സംരക്ഷകരായും മാറി അറബികൾ ധനം സമ്പാദിച്ചു .മരുഭൂമിയുടെ പ്രത്യേകതകൾ നന്നായി അറിയുന്ന അറബികൾ തന്നെയാണ് സാർത്ഥവാഹക സംഘങ്ങൾക്കു വേണ്ടി പ്രാദേശിക ഗോത്രക്കാരിൽ നിന്ന് അനുവാദം തേടിയിരുന്നത് .(പ്രാദേശിക ഗോത്രക്കാർക്ക് തങ്ങളുടെ പ്രദേശത്തിലൂടെ കടന്നു പോകുന്നതിന് പണം നല്കണമായിരുന്നു ഇല്ലെങ്കില്‍ കച്ചവടസംഘങ്ങൾക്ക് അവരുടെ ആക്രമണം നേരിടേണ്ടി വരും ).

ചില കച്ചവടസംഘങ്ങൾക്ക് 1000 മുതല്‍ 1200 വരെ ഒട്ടകങ്ങളുണ്ടായിരുന്നു .ഒരു സാധാരണ ഒട്ടകം നൂറുകിലോയ്ക്കും നൂറ്റൻപതുകിലോയ്ക്കും ഇടയില്‍ ഭാരം ചുമക്കും ഒരു ഒട്ടകവണ്ടിയിൽ മുന്നുറുകിലോ മുതല്‍ നാന്നൂറ് കിലോവരെ ഭാരം കയറ്റുമത്രേ .ചുരുക്കി പറഞ്ഞാല്‍ 200 ടണ്ണിനും 400ടണ്ണിനും ഇടയില്‍ ഭാരമുള്ള സാധനങ്ങളുമായാണ് കച്ചവടസംഘങ്ങൾ മരുഭൂമിയിലൂടെ നീങ്ങിയിരുന്നത് .താമസിയാതെ കച്ചവടക്കാർ ഇടത്താവളങ്ങളാക്കിയ അറേബ്യയിലെ മരുഭൂമിയിലെ ചെറു ഗ്രാമങ്ങൾ കൊച്ചു പട്ടണങ്ങളായി രൂപാന്തരം പ്രാപിച്ചു .ചില അറബികൾ കച്ചവടസംഘങ്ങളെ കൊള്ളയടിച്ച് ധനം സമ്പാദിച്ചപ്പോൾ മറ്റു ചിലർ സൈനിക സംരക്ഷകരായും ,വഴികാട്ടികളായും വർത്തിച്ചു വരുമാനമുണ്ടാക്കി .

ഇക്കാലത്താണ് ഇസ്ലാം മതം അറേബ്യയിൽ ആവിർഭവിക്കുന്നത് .ഇൗ മതവുമായി ബന്ധപ്പെട്ട് ആദ്യകാലത്തുണ്ടായ രണ്ടു യുദ്ധങ്ങൾക്ക് ഒട്ടകവുമായി ബന്ധമുണ്ട്. ആദ്യത്തേത് battle of badr ഇൗ യുദ്ധത്തിന്റെ കാരണം ഒട്ടകങ്ങളിലൂടെ സാധനമായി നീങ്ങിയിരുന്ന കച്ചവടസംഘങ്ങളെ മുസ്ലീങ്ങള്‍ ആക്രമിക്കുന്നതായിരുന്നു..യുദ്ധത്തിൽ ഖുറെെഷികളെ മുസ്ലീങ്ങള്‍ പരാജയപ്പെടുത്തി . രണ്ടാമത്തേത് battle of camel . ഇത് ഖലീഫഅലിയും അയിഷയും തമ്മിലുണ്ടായ യുദ്ധമായിരുന്നു . അയിഷ സഞ്ചരിച്ചിരുന്ന ഒട്ടകം വെട്ടേറ്റു വീണതോടെ യുദ്ധം അവസാനിച്ചു .ഇസ്ലാംമതത്തിന്റെ ആവിർഭാവത്തിനു ശേഷം അറബികൾ സംഘടിതരാകുകയും മിന്നലാക്രമണങ്ങൾക്ക് കുതിരകളേയും ദീർഘയാത്രകൾക്കും സാധനസാമഗ്രികള്‍ കൊണ്ടുപോകുന്നതിന് ഒട്ടകങ്ങളേയും ഉപയോഗിച്ചു കൊണ്ട് ദൂരെ പ്രദേശങ്ങൾ പോലും ആക്രമിക്കാൻ ആരംഭിച്ചു. താമസിയാതെ വലിയ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു .ഇന്ന് ഒട്ടകങ്ങൾക്കു പകരം അത്യാധുനിക കാറുകളിലാണ് അറബികൾ സഞ്ചരിക്കുന്നതെങ്കിലും അവയോടുള്ള സ്നേഹത്തിനു കുറവു വരുത്തിയിട്ടില്ല .