അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ‌്

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുനന്ദ പുഷ്‌ക്കറിന്റെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ പരസ്യപ്പെടുത്തിയതിന് ശശി തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസിന് പട്യാല ഹൗസ് കോടതിയാണ് നിര്‍ദേശം നല്‍കിയത്.

കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് സുനന്ദയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് ഗോസ്വാമിക്ക് കിട്ടിയതില്‍ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഗോസ്വാമി നേരായ വഴിക്കല്ല, റിപ്പോര്‍ട്ടുകള്‍ സംഘടിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. രേഖകള്‍ മോഷ്ടിച്ചെന്നാണ് സാഹചര്യ തെളിവുകളില്‍ നിന്നും വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ഗോസ്വാമിക്കെതിരെ മോഷണകുറ്റത്തിന് കേസെടുക്കാന്‍ സരോജിനി നഗര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയത്.