അരിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: അരിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധനാ സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനം. പൊടിയരിയുടെ ഗുണനിലവാരമില്ലായ്മ, വില വ്യത്യാസം, തൂക്കക്കുറവ് മുതലായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമനും പങ്കെടുത്തു.

ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കുള്ള സമിതി പുനരുജ്ജീവിപ്പിക്കും. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, പോലീസ് സംവിധാനങ്ങള്‍ക്കു പുറമെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെക്കൂടി പരിശോധനാ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. പരിശോധനയ്ക്ക് ആവശ്യമായ പോലീസ് സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ പ്രളയത്തില്‍ കേടുവന്ന അരിയും നെല്ലും ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്നത് തടയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതുപ്രകാരം തമിഴ്‌നാട് സര്‍ക്കാര്‍ നടപടിയെടുത്തതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി.

ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ എന്‍.ടി.എല്‍ റെഡ്ഡി, ഭക്ഷ്യ സുരക്ഷാ കമീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു