അയ്യപ്പഭക്തരുടെ ഭക്തിയ്ക്കും വിശ്വാസത്തിനും മുന്നില്‍ സര്‍ക്കാരിന്റെ ഒരു നിയന്ത്രണവും നിലനില്‍ക്കില്ല:എസ്.ജെ.ആര്‍.കുമാര്‍

എം.മനോജ് കുമാർ 

തിരുവനന്തപുരം: കോടാനുകോടിയുള്ള അയ്യപ്പഭക്തരുടെ വികാരം മനസിലാക്കാന്‍ ഇതുവരെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനു കഴിഞ്ഞിട്ടില്ലെന്നത് അപകടകരമായ ഒരു സ്ഥിതിവിശേഷം കേരളത്തില്‍ സൃഷ്ടിച്ചിരിക്കുകയാണെന്ന് ശബരിമല കര്‍മ്മ സമിതി മുഖ്യസംയോജകനും വിഎച്ച്‌പി കേരള അധ്യക്ഷനുമായ എസ്.ജെ.ആര്‍.കുമാര്‍ 24 കേരളയോടു പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആദ്യം മുതല്‍ ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് ഇടതു സര്‍ക്കാര്‍ നീങ്ങിയത്. ഈ ജനാധിപത്യ വിരുദ്ധത തന്നെയാണ് ഇന്നലെ സര്‍വകക്ഷി യോഗത്തിലും കണ്ടത്. മുന്‍കൂട്ടി നിശ്ചയിച്ച തീരുമാനം സര്‍വകക്ഷി യോഗത്തിനു മുകളിലേക്ക് അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീങ്ങിയത്. അതുകൊണ്ട് തന്നെയാണ് സര്‍വകക്ഷി യോഗം പരാജയമായത്.

കോടാനുകോടിയുള്ള അയ്യപ്പഭക്തരുടെ വികാരം മനസിലാക്കാന്‍ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നു അപകടകരമായ സ്ഥിതിയാണ്. തുലാമാസ പൂജയ്ക്ക് വേണ്ടിയും ചിത്തിര ആട്ടത്തിന് വേണ്ടിയും നട തുറന്നപ്പോള്‍ സര്‍ക്കാര്‍ ചെയ്തത് എന്താണ്. വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചു. ലാത്തിയും ജലപീരങ്കിയും അടക്കമുള്ള സന്നാഹങ്ങള്‍ പൊലീസ് ഒപ്പം കരുതുകയും ചെയ്തു. എന്നിട്ടോ ഭക്തതജന വികാരങ്ങള്‍ക്ക് മുന്നില്‍ പൊലീസ് നിസ്സഹായമായി.

ഭക്തജനവികാരം ആര്‍ത്തിരമ്പിയപ്പോള്‍ പൊലീസിന് നിഷ്ക്രിയമായി നിലയുറപ്പിക്കേണ്ടി വന്നു. കാരണം ഭക്തജനങ്ങള്‍ അത്രയധികം വികാരത്തോടെയാണ് ഈ വിഷയത്തെ കണ്ടത്. എപ്പോഴും അങ്ങിനെ തന്നെ കാണും. ഒരു ഘട്ടത്തിലും ആചാരലംഘനം ഭക്തജനങ്ങള്‍ അനുവദിക്കില്ല. ഒരു നേരം യുവതികളെ ദര്‍ശനത്തിനു എത്തിച്ചാല്‍ അത് ആചാരലംഘനമായി.

മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് പോലെ ഒരു നേരവും ഒരു ദിവസവും യുവതികള്‍ അയ്യപ്പനെ ദര്‍ശിക്കാന്‍ സന്നിധാനത്ത് എത്തില്ല. അത് തടയപ്പെടും എന്നുള്ളത് സംശയലേശമന്യേയുള്ള കാര്യമാണ്. ഒരു ദിവസം ദര്‍ശനം നടത്തിക്കൂടെ എന്ന് മുഖ്യമന്ത്രി ചോദിക്കുന്നത് ഒരു തന്ത്രമാണ്. അത് ആചാരലംഘനമാണ്. ആചാരലംഘനം അനുവദിക്കില്ല. സര്‍ക്കാര്‍ എന്താണ് കരുതുന്നത്. തുലാമാസമോ, ചിത്തിര ആട്ട വിശേഷമോ അല്ല നാളെ മുതല്‍ എത്തുന്നത്. വൃശ്ചികമാസമാണ്. ഇന്നു വൈകീട്ടോടെ നട തുറക്കുകയും ചെയ്യും.

കോടാനുകോടി ഭക്തജനങ്ങള്‍ ആണ് ഈ വൃശ്ചിക മാസം ശബരിമലയില്‍ എത്താന്‍ പോകുന്നത്. എന്ത് പൊലീസ് സന്നാഹം ഈ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയാലും ആചാരലംഘനം നടക്കില്ല. ഒരു നിയന്ത്രണവും അവിടെ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനു കഴിയുകയുമില്ല. ഒരു നിയന്ത്രണവും ഭക്തജനങ്ങള്‍ അനുവദിക്കില്ല. ആചാര ലംഘനത്തിനോ എന്തെങ്കിലും നിയന്ത്രണത്തിനോ സര്‍ക്കാര്‍ ശ്രമിച്ചാല്‍ മൂന്നാമത് പരാജയമാകും സര്‍ക്കാര്‍ ഏറ്റുവാങ്ങുക. ഈ പരാജയം കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ ശവക്കുഴി തോണ്ടും.

ഇത്ര പേരെ എത്തിക്കാനേ അനുവദിക്കൂ. ഇത്ര പേര്‍ക്ക് ദര്‍ശനം നടത്താനേ അനുവാദമുള്ളൂ. വാഹന പാര്‍ക്കിംഗിന് പൊലീസിന്റെ പാസ് വേണം എന്നൊക്കെയുള്ള നിബന്ധനകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം തകര്‍ന്നു തരിപ്പണമാകുന്നത് സര്‍ക്കാരിന് കാണാം. ചിത്തിര ആട്ട വിശേഷത്തിനു എന്ത് സംഭവിച്ചു എന്ന് സര്‍ക്കാരിനു മാത്രമല്ല ലോകത്തിനു മുഴുവന്‍ അറിയാം. ശബരിമലയില്‍ ഇനിയും നിയന്ത്രണത്തിനു ശ്രമിച്ചാല്‍ ഭീകര പരാജയം സര്‍ക്കാരിനു ഏറ്റുവാങ്ങേണ്ടി വരും.

വൃശ്ചിക മാസത്തിനു ഭക്തജനങ്ങള്‍ എത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അയല്‍പ്പക്കത്ത് നിന്നോ കേരളത്തില്‍ നിന്നോ അല്ല. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ്. മലയാളികളെക്കാള്‍ പതിന്മടങ്ങാണ് കേരളത്തിനു പുറത്തു നിന്നുള്ള അയ്യപ്പഭക്തര്‍. മലയാളികളെപ്പോലെ തന്നെയുള്ള ശക്തമായ വിശ്വാസവും ഭക്തിയും തന്നെയാണ് ഇവരുടേത്. കേരളാ സര്‍ക്കാരിന്റെയും പൊലീസിന്റെ നടപടികളില്‍ മനസുമടുത്തിത്തിരിക്കുന്നവരാണ് ഈ ഭക്തര്‍.

അവരുടെ ഭക്തിയ്ക്കും വിശ്വാസത്തിനും മുന്നില്‍ കേരളാ പൊലീസിന്റെ ഒരു സംവിധാനവും നിലനില്‍ക്കില്ല. സര്‍ക്കാര്‍ അത് നേരിട്ട് കാണാന്‍ ഇരിക്കുന്നതേയുള്ളൂ. ലക്ഷോപലക്ഷം ആളുകള്‍ ശബരിമലയിലും നിലയ്ക്കലും ഒന്നിച്ചു കൂടാന്‍ പോവുകയാണ്. അഞ്ചരക്കോടി ഭക്തജനങ്ങള്‍ ആണ് ശബരിമലയില്‍ എത്തുന്നത്. അപ്പോള്‍ ഒരു ദിവസം എത്ര ഭക്തര്‍ എത്തും എന്ന് കണക്കുകൂട്ടി നോക്കിയാല്‍ മതി.

സര്‍ക്കാര്‍ ക്ഷണിച്ചിട്ടല്ല ശബരിമലയില്‍ ഭക്തര്‍ എത്തുന്നത്. ഭക്തര്‍ക്ക് സര്‍ക്കാരിന്റെ നിയന്ത്രണമോ ക്ഷണമോ ഒന്നും ആവശ്യമില്ല. എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ വന്‍സംഘര്‍ഷം ക്ഷണിച്ചു വരുത്തും.മലയാളവുമായി പുലബന്ധം പോലുമില്ലാത്ത ഭക്തര്‍ ആണ് ശബരിമലയില്‍ ഉണ്ടാകുക. അവര്‍ക്ക് പൊലീസ് പറയുന്നതോ സര്‍ക്കാര്‍ പറയുന്നതോ ഒന്നും മനസിലാകാന്‍ പോകുന്നില്ല. അവര്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുക തന്നെ ചെയ്യും.

നാളെ മുതല്‍ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം ഉണ്ടാകും. ഈ പ്രവാഹം ഒരു പ്രളയമാകും. പമ്പയില്‍ കണ്ട പ്രളയം പോലുള്ള ഒരു പ്രളയമായിരിക്കില്ല ഇത്. പമ്പ പ്രളയത്തെ നേരിടാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. അതിനെക്കാളും വലിയ പ്രവാഹം, കോടാനുകോടി ഭക്തജന പ്രവാഹമാണ് ശബരിമലയിലേക്ക് എത്തുക.

സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും എല്ലാം ഈ പ്രളയത്തിനു മുന്നില്‍ തകര്‍ന്നടിയും. നേരത്തെ എങ്ങിനെയാണ് ഭക്തര്‍ ശബരിമല ദര്‍ശനം നടത്തിയത് അതുപോലെ തന്നെയുള്ള ദര്‍ശനം ഇക്കുറിയും ഭക്തര്‍ സന്നിധാനത്ത് നടത്തും. നിയന്ത്രണത്തിനു സര്‍ക്കാര്‍ ശ്രമിച്ചാല്‍ എല്ലാ സംവിധാനങ്ങളും ഒലിച്ച് പമ്പയില്‍ എത്തും. ഉയര്‍ത്തെഴുന്നേല്‍പ്പ് ഇല്ലാത്ത ഒരു തകര്‍ച്ച ഇടത് സര്‍ക്കാരിനു നേരിടേണ്ടി വരുകയും ചെയ്യും-എസ്.ജെ.ആര്‍.കുമാര്‍ പറയുന്നു.