അയ്യപ്പന്‍റെ പേര് പറഞ്ഞാല്‍ അറസ്റ്റ് എന്നത് പച്ചക്കള്ളം; മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പിണറായി

കൊല്ലം: അയ്യപ്പന്‍റെ പേര് പറയുന്നവരെ കേരളത്തിൽ അറസ്റ്റ് ചെയ്യുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നരേന്ദ്ര മോദി പച്ചക്കള്ളം പറയുകയാണ്. ശബരിലയുടെ പേരിൽ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

അയ്യപ്പൻ എന്ന് പറഞ്ഞാൽ കേരളത്തിൽ അറസ്റ്റ് എന്ന മോദിയുടെ പ്രസ്താവന പച്ചക്കളമാണ്. അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവർത്തനത്തിനാണെന്നും പിണറായി വിജയൻ വിശദീകരിച്ചു. ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാക്കും. 
ശബരിമലയിലേക്ക് ഉള്ള കാണിയ്ക്ക തടസപ്പെടുത്താൻ ആഹ്വാനം ചെയ്തത് മോദിയുടെ അനുയായികളാണ്.  ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളെ ആക്രമിക്കാൻ ഇവർ ആളെ അയച്ചു. 144 പ്രഖ്യാപിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് മോദി സർക്കാരാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.