അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിയ മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കും, ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് കുടിയേറിയ മുസ്‌ലിങ്ങളല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഇടത് മുന്നണിയുടെയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ബില്‍ പാസാക്കിയത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ സംഘടനകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതുമില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍.ഡി.എയില്‍ ഉള്‍പ്പെട്ട പാര്‍ട്ടികള്‍ പോലും ബില്ലിനെ എതിര്‍ത്തിരുന്നു. ഇന്ത്യന്‍ ഭരണഘടനയെ തന്നെ പൊളിച്ചെഴുത്തുന്ന രീതിയിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച്‌ ആസാമില്‍ നിന്നുള്ള അ​സം ഗ​ണ പ​രി​ഷ​ത്ത്​ (എ.​ജി.​പി) കഴിഞ്ഞ ദിവസം എന്‍.ഡി.എ വിട്ടിരുന്നു. പൗരത്വ ബില്ലിന്റെ പേരില്‍ സംസ്ഥാനത്ത് കടുത്ത പ്രതിഷേധം നടക്കുമ്ബോള്‍ ബി.ജെ.പി അത്കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എ.ജി.പി പ്രസിഡന്റും കൃഷി മന്ത്രിയുമായ അതുല്‍ ബോറ അരോപിച്ചു. പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത് മുതല്‍ സംസ്ഥാനത്ത് വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. അതേസമയം, ബില്‍ അസമിലെ ജനങ്ങള്‍ക്കെതിരെയാണെന്ന ആരോപണം ശരിയല്ലെന്ന് മന്ത്രി രാജ്നാഥ് സിംഗ് സഭയില്‍ പറഞ്ഞു. ഇത്തരത്തില്‍ നടക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1955ലെ പൗരത്വ നിയമങ്ങളെ പൊളിച്ചെഴുതുന്നതാണ് ഇപ്പോഴത്തെ പൗരത്വ ഭേദഗതി ബില്‍. ഇതനുസരിച്ച്‌ ആറ് വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥകളുണ്ട്. 2014 ഡിസംബര്‍ 31ന് മുമ്ബ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്‌ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് ഇത്തരത്തില്‍ പൗരത്വം ലഭിക്കുക.