അമ്മ മഹാറാണിയുടെ ആ ഒറ്റ കത്തിൽ തീർന്നു പറങ്കിയുടെ അഹങ്കാരം

അബ്ദുള്ള ബിൻ ഹുസൈൻ പട്ടാമ്പി

കോഴിക്കോട്‌ ചാലിയത്ത്‌ കോട്ട കെട്ടിയ പറങ്കികൾ മലബാറിൽ തങ്ങൾ ശക്തരായി മാറിയെന്ന തോന്നലിൽ അക്രമങ്ങൾ അഴിച്ചുവിടാൻ തുടങ്ങി.
വിദേശ വണിക്കുകളുടെയും സാമൂതിരിയുടെയും ചരക്ക്‌ കപ്പലുകളും പറങ്കികൾ നൽകുന്ന കർത്താസ്‌ ( അനുമതിപത്രം ) ഇല്ലാതെ അറബിക്കടലിൽ യാത്ര ചെയ്യുന്നതിന് അവർ വിലക്കേർപ്പെടുത്തി. ഇനി പറങ്കികൾ നൽകിയ കർത്താസ്‌ കൈവശം ഉണ്ടെങ്കിൽ തന്നെ , അവ വ്യാജമാണെന്നും മറ്റും കാരണങ്ങൾ പറഞ്ഞ്‌ അലക്സാണ്ട്രിയയിലേക്കും ഏദനിലേക്കും മറ്റും പോവുന്ന കപ്പലുകൾ പിടിച്ചെടുക്കയും കപ്പിത്താനെയടക്കം വകവരുത്തി കപ്പലടക്കം കൊളള ചെയ്യുകയും പതിവായി.

അഹങ്കാരം മൂത്ത പറങ്കികൾ സാധാരണക്കാരെ പോലും വെറുതെ വിടില്ലെന്ന അവസ്ഥയിലായി. ഭയവും ഭീതിയും നിറഞ്ഞ ഒരവസ്ഥ നാട്ടിൽ നിറഞ്ഞു നിന്നു. കുരുമുളകും മറ്റു സുഗന്ധവ്യഞ്ജനങ്ങളും കപ്പലുകളിൽ കയറ്റാൻ വേണ്ടി സംഭരിച്ചുവെച്ച വിദേശ വണിക്കുകളുടെ കോഴിക്കോട്ടെ പാണ്ടികശാലകളിൽ ചിലത്‌ കർത്താസില്ലെന്ന ( ലൈസൻസ്‌ ) കാരണം പറഞ്ഞ്‌ അവർ പൂർണ്ണമായും കൊളളയടിച്ച്‌ ചരക്കുകൾ ചാലിയത്തെ കോട്ടയിലേക്ക്‌ കടത്തി. അന്യായമായ നികുതികളും മറ്റും നടപ്പിലാക്കി അവർ പൊതുജന ജീവിതവും കഷ്ടപ്പെടുത്താൻ തുടങ്ങി.

ഹിന്ദുക്കൾക്ക്‌ ക്ഷേത്രങ്ങളിലും മുസ്‌ലിംകൾക്ക്‌ പളളികളിലും പോവാൻ വരെ നികുതി നൽകേണ്ട അവസ്ഥ വന്നു. ( ഈ ആരാധനാ നികുതിക്കെതിരെ പറങ്കികളുടെ അടുപ്പക്കാരനായിരുന്ന താനൂരിലെ രാജാവ്‌ പരാതി നൽകിയതിനെ തുടർന്ന്, താനൂർ നാട്ടിലെ ഹൈന്ദവരുടെ മേലിൽ നിന്ന് ഈ നികുതിഭാരം എടുത്തു മാറ്റുകയുണ്ടായി ). നാട്ടിലാകെ ഭീതിതമായൊരു അവസ്ഥ നടമാടിക്കൊണ്ടിരുന്നു. സാമൂതിരിക്ക്‌ പലരും സങ്കട ഹരിജികൾ നൽകിക്കൊണ്ടിരുന്നെങ്കിലും പറങ്കികളുടെ ചാലിയം കോട്ട പിടിച്ചെടുക്കാനുളള ഒരു വൻ ആക്രമണം നടത്താൻ സാമൂതിരി മടിച്ചു നിന്നു. പറങ്കികളോട്‌ നിരന്തരം എതിരിടുകയാൽ ഖജനാവ്‌ ശോശിച്ച്‌ കൊണ്ടിരുന്നതും വൻ ആൾ നാശം സംഭവിച്ചുകൊണ്ടിരുന്നതുമാണ് സാമൂതിരിയുടെ ഈ നിലപാടിന് കാരണമായത്‌.

എന്നാൽ നായർ സൈന്യവും കുഞ്ഞാലി മരക്കാരുടെ നേതൃത്വത്തിലുളള സാമൂതിരിയുടെ നാവിക സേനയും തങ്ങൾ യുദ്ധസജ്ജരാണെന്ന് സാമൂതിരിയെ നിരന്തരം ഓർമ്മിപ്പിച്ച്‌ കൊണ്ടിരുന്നു. മുസ്‌ലിംകൾ പളളികൾ കേന്ദ്രീകരിച്ചും ഹൈന്ദവർ ക്ഷേത്രങ്ങളിൽ നിന്ന് യുദ്ധഫണ്ടിലേക്കാവശ്യമായ ധനവും മറ്റും സമാഹരിച്ച്‌ സാമൂതിരിയെ ഏൽപ്പിക്കാൻ തുടങ്ങി. കോഴിക്കോട്ടുണ്ടായിരുന്ന യഹൂദ വ്യാപാരികളും നാടൻ നസ്രാണികളും ( ഇവർക്ക്‌ പറങ്കികളോട്‌ വെറുപ്പായിരുന്നു. പ്രാകൃത വിശ്വാസങ്ങൾ വെച്ച്‌ പുലർത്തുന്നവരെന്ന് പറഞ്ഞ്‌ പലപ്പോഴും മലബാർ ക്രൈസ്തവരെ പറങ്കികൾ ഉപദ്രവിച്ച്‌ കൊണ്ടിരുന്നു ) തങ്ങളാലാവുന്ന സഹായങ്ങൾ സാമൂതിരിയെ ഏൽപ്പിച്ച്‌ കൊണ്ടിരുന്നു.

അവസാനം സാമൂതിരി യുദ്ധം ചെയ്യാനുളള ഒരുക്കങ്ങൾ ആരംഭിച്ചു. അതിനൊരു കാരണം അമ്മമഹാറാണിയുടെ ( സാമൂതിരിയുടെ മാതാവ്‌ ) ഒരു കത്തായിരുന്നു. അവർ നാട്ടിൽ നടക്കുന്ന എല്ലാ സംഭവങ്ങളും സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. അതിനിടെ എരിതീയിൽ എണ്ണയൊഴിക്കുന്ന പോലെ മറ്റൊരു ദുരന്തസംഭവം കോഴിക്കോട്‌ ഉണ്ടായി. അത്‌കൂടി രാജമാതാവിന്റെ ചെവിയിലെത്തി.

ചാലിയത്തെ ഒരു ക്ഷേത്രത്തിൽ തൊഴാൻ വന്നവരെ ഒരു കൂട്ടം പറങ്കികൾ ആക്രമിച്ചു. പേടിച്ചരണ്ട്‌ പോയ വിശ്വാസികൾ നാലുപാടും ചിതറിയോടി. എന്നാൽ ക്ഷേത്രത്തിനകത്ത്‌ കുടുങ്ങിപ്പോയ ഒരു ബ്രാഹ്മണ വൃദ്ധനേയും അയാളുടെ മകളേയും പറങ്കികൾ പിടികൂടി. ‌വിഗ്രഹത്തിൽ തുപ്പുവാനും മൂത്രമൊഴിക്കാനും അവർ ആ വൃദ്ധനെ നിർബന്ധിച്ചു. എന്നാൽ അതിനു വഴങ്ങാതിരുന്ന അയാളെ തന്റെ മകളുടെ മുന്നിൽ വെച്ച്‌ അതിക്രൂരമായി കൊലപ്പെടുത്തി. ശേഷം മകളെ ചാലിയം കോട്ടയിലേക്ക്‌ തടവുകാരിയാക്കി കൊണ്ടുപോയി.

ഇത്കൂടി രാജമാതാവ്‌ അറിഞ്ഞതോടെ അവർ തന്റെ പുത്രനായ സാമൂതിരി രാജാവിന്, നാടും വിശ്വാസവും പാരമ്പര്യവും കാത്തുരക്ഷിക്കാൻ യുദ്ധം ചെയ്യണമെന്നാവശ്യപ്പെട്ട്‌ കൊണ്ടും രാജാവിന്റെ കടമകൾ ഓർമ്മിപ്പിച്ച്‌ കൊണ്ടും ഒരു കത്തെഴുതിയത്‌. ഈ കത്ത്‌ കയ്യിൽ കിട്ടിയതോടെയാണ് സാമൂതിരി ചാലിയത്തെ പറങ്കിക്കോട്ട പിടിച്ചെടുക്കാനുളള യുദ്ധത്തിന് ഉത്തരവിട്ടത്‌. തുടർന്ന് യുദ്ധകാര്യങ്ങൾ ചർച്ച ചെയ്യാൻ അദ്ധേഹം പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തു. ഈ അടിയന്തിര മന്ത്രിസഭാ യോഗം കൂടിയത്‌ കോഴിക്കോട്‌ കുറ്റിച്ചിറയിലെ ജുമാമസ്ജിദിൽ വെച്ചായിരുന്നു.

ഇതിൽ വായിച്ചുകേൾപ്പിക്കാനായി അമ്മമഹാറാണി മറ്റൊരു കത്ത്‌ കൂടി എഴുതി തയ്യാറാക്കി കൊടുത്തയച്ചിരുന്നു. അതിൽ രാജ്യസ്നേഹത്തെക്കുറിച്ചും രാജ്യത്തോടും ജനങ്ങളോടുമുളള കടപ്പാടിനെ പറ്റിയും രാജാവിന്റേയും സൈന്യങ്ങളുടേയും ഉത്തരവാദിത്തങ്ങളും കടമകളും വിശ്വാസം സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതകളെക്കുറിച്ചും രാജമാതാവ്‌ വിശദമായി എഴുതിയിരുന്നു.

കുറ്റിച്ചിറ ജുമാമസ്ജിദിൽ ചേർന്ന ആ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവർ ഇവരായിരുന്നു. സമൂതിരി രാജാവ്‌, പ്രധാനമന്ത്രിയടക്കമുളള മന്ത്രിമാർ , നായർ സേനാ തലവൻ, അന്നത്തെ കോഴിക്കോട്‌ ഖാദിയായിരുന്ന ഖാദി അബ്ദുൽ അസീസ്‌ ( മുസ്‌ലിംകളുടെ മതനേതാവ്.‌ ഖാസി ) , ഷാ ബന്ദർ ഖ്വാജ ഉമർ അന്താബി ( സാമൂതിരിയുടെ തുറമുഖ , വാണിജ്യ വകുപ്പ്‌ മന്ത്രി.
ഇദ്ധേഹം തുർക്കിക്കാരനായിരുന്നു ), സാമൂതിരിയുടെ നായർ മുഖ്യന്മാർ , ദേശവാഴികൾ , സാമൂതിരിയുടെ മുഖ്യന്മാരിൽ പ്രമുഖനായ തലപ്പണ്ണ നമ്പൂതിരി , കുഞ്ഞാലി മരക്കാർ , അബ്ദുൽ വഫാ മുഹമ്മദ്‌ ശത്താർ ( ഇദ്ദേഹത്തിന്റെ ഖബറാണ് ഇടിയങ്ങര ശൈഖിന്റെ പളളിയിലുളളത്‌. അവിടുത്തെ അപ്പവാണിഭ നേർച്ച പ്രസിദ്ദമാണ് ) , സീദി മുഹമ്മദ്‌ അൽ ഖുമാമി , പൊന്നാനിയിലെ മഖ്ദൂം അബ്ദുൽ അസീസ്‌ മഅബരി തുടങ്ങിയവരും പളളിയിൽ ചർച്ചക്കായി ഒത്തുകൂടിയിരുന്നു.
1571ലെ ഈ യുദ്ദത്തിൽ പോർച്ചുഗീസുകാർ പരാചയപ്പെടുകയും സാമൂതിരി കോട്ട കീഴടക്കി അതിന്റെ അടിക്കല്ല് പോലും മാന്തിയെടുക്കുകയും ചെയ്തു. മലബാറിലെ ആധിപത്യം നഷ്ടപ്പെട്ട പറങ്കികൾ പിന്നെ കൊച്ചിയിലും ഗോവയിലുമായി ഒതുങ്ങി.