അമ്മ മരിച്ചതറിയാതെ മൃതദേഹത്തോട് ചേര്‍ന്നുറങ്ങി അഞ്ചു വയസുകാരന്‍

ഹൈദരാബാദ്: അമ്മയുടെ മരണം തിരിച്ചറിയാനാവാതെ മൃതദേഹത്തോട് ചേര്‍ന്ന് കിടന്നുറങ്ങുന്ന അഞ്ചു വയസുകാരന്റെ ചിത്രം കാഴ്ചകാരില്‍ വേദനയുളവാക്കുന്നതായിരുന്നു. ഹൈദരാബാദിലെ ഓസ്മാനിയ ആശുപത്രിയിലാണ് സംഭവം.

ശ്വാസതടസമുള്‍പ്പെടെയുള്ള രോഗങ്ങളെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിയ ശേഷം ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ കൂടി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ അഡിമിറ്റ് ചെയ്തു. അഞ്ച് വയസുള്ള കുട്ടി മാത്രമാണ് ആശുപത്രിയില്‍ ഇവരുടെ കൂടെയുണ്ടായിരുന്നത്.

കട്ടിലില്‍ കിടന്നിരുന്നു മാതാവിനൊപ്പം ആ കുട്ടിയും കയറി കിടന്നുറങ്ങി. എന്നാല്‍ ഉറക്കത്തില്‍ തന്റെ അമ്മ മരിച്ചത് കുട്ടി തിരിച്ചറിഞ്ഞില്ല. പിന്നീട് ആശുപത്രി ജീവനക്കാരെത്തി യുവതിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി മരിച്ച വിവരം തിരിച്ചറിഞ്ഞത്. എന്നാല്‍, അപ്പോഴും അമ്മയുടെ അടുത്ത് നിന്ന് മാറാന്‍ കുട്ടി തയാറായിരുന്നില്ല.

Related image

എന്നാല്‍ യുവതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ഹെല്‍പ്പിങ് ഹാന്‍ഡ് എന്ന സന്നദ്ധ സംഘടനയെ വിവരം അറിയിച്ചു.. തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.

സമീന സുല്‍ത്താന്‍ എന്ന യുവതിയാണ് മരിച്ചത്. ഹൈദരാബാദിലെ കറ്റേഡാന്‍ മേഖലയില്‍ താമസിക്കുകയായിരുന്നു ഇവര്‍. ഇവരുടെ ഭര്‍ത്താവ് അയൂബ് മൂന്ന് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് പോയെന്നും സംഘടന കണ്ടെത്തി. ഇവരുടെ ബന്ധുകളെയും സംഘടന കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം വിട്ടുനല്‍കുകയും കുട്ടിയെ അമ്മാവന് കൈമാറുകയും ചെയ്തു.