അമ്മയുടേയും മകളുടേയും ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം:  നെയ്യാറ്റിൻകര സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കാനറാ ബാങ്ക് റീജിയണൽ മാനേജരും തിരുവനന്തപുരം ജില്ലാ കളക്ടറും മൂന്നാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. കേസ് ജൂൺ 13ന് തിരുവനന്തപുരത്ത് പരിഗണിക്കും. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് കേസ് രജിസ്റ്റർ ചെയ്ത് നോട്ടീസ് അയക്കാന്‍ ഉത്തരവായത്. മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം മകള്‍ മരിച്ചശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് അച്ഛന്‍ ചന്ദ്രന്‍. വൈകിട്ട് അഞ്ച് വരെ ബാങ്കിന്റെ അഭിഭാഷകന്‍ പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ച് വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഗൃഹനാഥന്റെ ആരോപണം തള്ളി ബാങ്ക് അധികൂതര്‍ രംഗത്തെത്തി. മകൾ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ വിശദമാക്കി. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്‍റെ ഒപ്പ് വാങ്ങിയതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇതിന് സാക്ഷിയായി പോലും ബാങ്ക് പ്രതിനിധികൾ ഉണ്ടായിരുന്നില്ലെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.