അമ്മയുടേയും മകളുടേയും ആത്മഹത്യ: ഗൃഹനാഥന്റെ ആരോപണം തള്ളി ബാങ്ക് അധികൃതർ

തിരുവനന്തപുരം : ജപ്തി ഭീഷണിയെ തുടര്‍ന്ന്‌  അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗൃഹനാഥന്റെ ആരോപണം തള്ളി ബാങ്ക് അധികൃതർ. മകൾ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ വിശദമാക്കി. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്‍റെ ഒപ്പ് വാങ്ങിയതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇതിന് സാക്ഷിയായി പോലും ബാങ്ക് പ്രതിനിധികൾ ഉണ്ടായിരുന്നില്ലെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.

അതേസമയം മകള്‍ മരിച്ചശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് അച്ഛന്‍ ചന്ദ്രന്‍ പറഞ്ഞു. വൈകിട്ട് അഞ്ച് വരെ ബാങ്കിന്റെ അഭിഭാഷകന്‍ പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ച് വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ സംഭവത്തില്‍  ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും. ബാങ്കിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി തെളിവ് ലഭിച്ചാല്‍ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. രാവിലെ  പോസ്മോര്‍ട്ടത്തിനുശേഷം  ഇരുവരുടെയും മൃതദേഹങ്ങള്‍ വിട്ടു നല്കും. ‌