അമ്മയുടേയും മകളുടേയും ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, തലസ്ഥാനത്ത് ബാങ്കിന്റെ കൗണ്ടര്‍ തകര്‍ത്തു

തിരുവനന്തപുരം:  ജപ്തി ഭീഷണിയെ തുടര്‍ന്ന്‌ നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.  കാനറ ബാങ്കിന്റെ തിരുവനന്തപുരം ജില്ലയിലെ
നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകള്‍ ഇന്ന് തുറക്കില്ല. ശാഖകള്‍ക്കുനേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് തീരുമാനം. 

അതേസമയം ‌തിരുവനന്തപുരത്തെ കാനറ ബാങ്ക് മേഖലാ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ തള്ളിക്കയറിയതിനെത്തുടർന്ന് സംഘർഷമുണ്ടായി, റിസപ്ഷന്‍ കൗണ്ടര്‍ തല്ലിതകര്‍ത്തു. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.നെയ്യാറ്റിന്‍കര ശാഖയ്ക്ക്  രാവിലെമുതല്‍  നാട്ടുകാര്‍ ഉപരോധിക്കുകയാണ്.   

അതേസമയം ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകള്‍ മരിച്ചശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് അച്ഛന്‍ ചന്ദ്രന്‍. വൈകിട്ട് അഞ്ച് വരെ ബാങ്കിന്റെ അഭിഭാഷകന്‍ പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ച് വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് അമ്മയും മകളും ജീവനൊടുക്കിയതില്‍  ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും. ബാങ്കിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി തെളിവ് ലഭിച്ചാല്‍ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. രാവിലെ  പോസ്മോര്‍ട്ടത്തിനുശേഷം  ഇരുവരുടെയും മൃതദേഹങ്ങള്‍ വിട്ടു നല്കും. ‌