‘അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സമയം’ ; മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയ കുട്ടികളുടെ കരച്ചില്‍ ലോകത്തെ കരയിക്കുന്നു


മെക്സിക്കന്‍ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം നടത്തിയതിന്‌ അമേരിക്കന്‍ അധികൃതര്‍ പിടിച്ചുകൊണ്ടുപോയ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തപ്പെട്ടത് രണ്ടായിരത്തോളം കുട്ടികള്‍. അമേരിക്കയുടെ സര്‍ക്കാര്‍ വക സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികളുടെ കരയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ആറു വയസുകാരി കരഞ്ഞ് അപേക്ഷിക്കുന്ന എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആരുടേയും ഹൃദയം ഭേദിക്കുന്നതാണ്. ‘പപ്പാ…എന്നെക്കൂടി കൊണ്ടുപോകൂ… ‘ എന്നലറി കരയുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ മാതാപിതാക്കളെ വിളിച്ചു കരയുന്നതും സംരക്ഷണ കേന്ദ്രത്തില്‍ നിന്നും പുറത്തുവിടാന്‍ അപേക്ഷിക്കുന്നതും കണ്ണു നനയിക്കും.

ആറു വയസുകാരി പിതാവിനെ വിളിച്ചു കരയുമ്പോള്‍ കോണ്‍സല്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലൂം കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്നില്ല. പ്രൊപബ്ളിക്ക എന്ന മാധ്യമമാണ് ദൃശ്യം പുറത്തുവിട്ടിട്ടുള്ളത്. അജ്ഞാതന്‍ പകര്‍ത്തിയ ദൃശ്യം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജന്നിഫര്‍ ഹാര്‍ബറി വഴിയാണ് പ്രൊപബ്ളിക്കിന് കിട്ടിയത്.

ട്രംപിന്റെ മനുഷ്യത്വരഹിതമായ നിലപാടിനെതിരെ ആദ്യമേ തന്നെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ദൃശ്യം പ്രചരിക്കാന്‍ തുടങ്ങിയതോടെ ഡെമോക്രാറ്റുകളും റിപ്പബ്ളിക്കന്മാരും ഒരുപോലെ രംഗത്ത്‌ വന്നിരിക്കുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ നയത്തില്‍ ഏപ്രില്‍ മുതല്‍ 2000 കുട്ടികളാണ്‌ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയത്. ഇവരില്‍ നൂറു പേരോളം നാലു വയസില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. കുട്ടികളെ പുറത്തിറക്കാതെ മുറികളില്‍ പൂട്ടിയിട്ടിരിക്കുകയാണ്.
കുട്ടികള്‍ ഇത്തരം പുനരധിവാസ കേന്ദ്രങ്ങളില്‍ കടുത്ത മാനസിക പീഡനത്തിന് ഇരയാകുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

പ്രഥമ വനിത മെലാനിയാ ട്രംപും മുന്‍ പ്രഥമവനിത ലോറാ ബുഷുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞുങ്ങളെ വേര്‍പിരിക്കുന്നത് കാണാന്‍ തനിക്കാവില്ലെന്നാണ് മെലാനിയ പ്രതികരിച്ചത്. ‘അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സമയം’ എന്നായിരുന്നു റിപ്പബ്ളിക്കന്‍ നേതാവ് ഏള്‍ ബ്ലൂമെനര്‍ പറഞ്ഞത്.

‘കുടിയേറ്റത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ നയം എന്താണെന്ന് എനിക്കറിയേണ്ട. എന്നാല്‍ കുട്ടികളെ മാതാപിതാക്കളുടെ കയ്യില്‍ നിന്നും വലിച്ചുപറിക്കുന്നത് ആരും അനുകൂലിക്കില്ല’ നിറഞ്ഞ കണ്ണുകളോടെയും ഇടറിയ കണ്ഠത്തോടെയും ചുവന്ന മുഖത്തോടെയുമായിരുന്നു ബ്ളൂമെനര്‍ ടെലിവിഷനില്‍ ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ ഇതൊന്നും കുടിയേറ്റ നിയമത്തില്‍ മാറ്റം വരുത്തുന്നതിന് തന്നെ പ്രേരിപ്പിക്കില്ലെന്ന്‌ വ്യക്തമാക്കിയ ട്രംപ് അമേരിക്കയെ യൂറോപ്പാക്കാന്‍ അനുവദിക്കില്ല എന്ന കര്‍ശന നിലപാടിലാണ്.