അഭിമന്യു വധം: അന്വേഷണം അവസാനിപ്പിക്കാൻ സിപിഎമ്മും പോപ്പുലർ ഫ്രണ്ടും ധാരണയിലെത്തിയെന്ന്‌ കൃഷ്ണദാസ്

കൊച്ചി: അഭിമന്യു വധക്കേസ് അന്വേഷണം അവസാനിപ്പിക്കാൻ സിപിഎമ്മും പോപ്പുലർ ഫ്രണ്ടും ധാരണയിലെത്തിയെന്ന ആരോപണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. വധത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചോ വിദേശ ബന്ധത്തെക്കുറിച്ചോ അന്വേഷണം ഉണ്ടാകില്ല. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണു സിപിഎം മത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശുന്നത്. മലബാർ മേഖലയിലെ വയനാട്, വടകര, കോഴിക്കോട് മണ്ഡലങ്ങൾ തിരിച്ചുപിടിക്കുകയാണു സിപിഎമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അഭിമന്യുവിന്റെ ചോരയുമായി പോപ്പുലർ ഫ്രണ്ടിനോടു വിലപേശുകയാണു സിപിഎം. പോപ്പുലർ ഫ്രണ്ട് ലക്ഷണമൊത്ത ഭീകര സംഘടനയെന്നു പറയുന്ന സിപിഎം എന്തുകൊണ്ടാണ് ആ സംഘടനയെ നിരോധിക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാത്തത്? അഭിമന്യു വധക്കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറാൻ എൽഡിഎഫ് സർക്കാർ മടിക്കുന്നതെന്തിനാണ്? അഭിമന്യു വധത്തിൽ സിപിഎമ്മിന്റെ പ്രതിഷേധം യഥാർഥമാണെങ്കിൽ പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തുകയും എൻഐഎയ്ക്കു കൈമാറുകയും ചെയ്യണം. വിദേശ ബന്ധമുള്ള സംഭവം അന്വേഷിക്കുന്നതിൽ കേരള പൊലീസിനു പരിമിതികളുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.