അഭിമന്യുവിന്റെ കൊലപാതകം: പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്ന് ഡിജിപി

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കു പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. വിദ്യാര്‍ഥികള്‍ക്കു പുറമേനിന്നുള്ളവരുടെ സഹായം ലഭിച്ചു. ക്യാംപസുകളിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ കൂടെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍നിന്നാണു പ്രവര്‍ത്തകര്‍ പിടിയിലായത്. ആലപ്പുഴ ജില്ലയില്‍നിന്ന് എണ്‍പതിലധികം പോപ്പുലര്‍ ഫ്രണ്ടുകാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്. കരുതല്‍ തടങ്കലിന്റെ ഭാഗമായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി.

അഭിമന്യു തല്‍ക്ഷണം കൊല്ലപ്പെടാന്‍ ഇടയാക്കിയ ആഴത്തിലുള്ള മുറിവു പ്രഫഷനല്‍ കൊലയാളിയുടെ ചെയ്തിയെന്നു ഫൊറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടായ സംഘര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായ ആസൂത്രിത ആക്രമണമാണ് അഭിമന്യുവിനും സുഹൃത്ത് അര്‍ജുനും നേരെയുണ്ടായതെന്നു സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പരുക്കുകള്‍.