അഫ്ഗാനില്‍ വിദേശ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ചാവേറാക്രമണം; 11 കുട്ടികള്‍ കൊല്ലപ്പെട്ടു

കാണ്ഡഹാര്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ വിദേശ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ചാവേറാക്രമണം. ആക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടു. വിദേശ, അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 16 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുപയോഗിച്ചാണ് കാണ്ഡഹാറിന്റെ തെക്കന്‍ പ്രവിശ്യയില്‍ അക്രമമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ അഞ്ച് റുമേനിയന്‍ സൈനികരും രണ്ട് അഫ്ഗാന്‍ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി കാണ്ഡഹാര്‍ ഗവര്‍ണറുടെ വക്താവ് സയിദ് അസീസ് അഹ്മദ് അസീസി വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കാണ്ഡഹാര്‍ വിമാനത്താവളത്തിന് സുരക്ഷയൊരുക്കുന്നതിനാണ് റുമേനിയന്‍ സൈനികരെ ഉപയോഗിക്കുന്നത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനങ്ങളുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് കാണ്ഡഹാറിലെ ചാവേര്‍ ആക്രമണം. കാബുള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.