അപ്പോളോ 11 നാല് ദിവസം കൊണ്ട് ചന്ദ്രനിൽ എത്തിയപ്പോൾ ചന്ദ്രയാൻ -2 അൻപതിലേറെ ദിവസം എടുക്കുന്നതിന്റെ കാരണം

ഋഷി ദാസ്

1969 ജൂലൈ 16 ന് വിക്ഷേപിക്കപ്പെട്ട അപ്പോളോ 11, 1969 ജൂലൈ 19 ന് ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുകയും അപ്പോളോ ലൂണാർ ലാൻഡർ ജൂലൈ 20 നു ചന്ദ്രനിൽ ഇറങ്ങുകയും ചെയ്തു . പക്ഷെ ചന്ദ്രയാൻ -2 വിക്ഷേപിച്ചു അൻപതിലേറെ ദിവസം കഴിഞ്ഞേ ചന്ദ്രനിൽ എത്തൂ. ഈ കാലദൈർഘ്യത്തിലെ വലിപ്പം ഒരു രസകരമായ വസ്തുതയാണ് . അതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്നാമതായി വളരെ ശക്തിയേറിയ ഒരു വിക്ഷേപണവാഹനമായിരുന്നു അപ്പോളോ 11 നെ വഹിച്ച സാറ്റേൺ V . നേരിട്ടു നാല്പതു ടണ്ണിലേറെ ഭാരം ട്രാൻസ് ലൂണാർ ട്രാജെക്റ്ററിയിലേക്ക് പായിക്കാനുള്ള ശേഷി സാറ്റേൺ V ക്ക് ഉണ്ടായിരുന്നു . അപ്പോളോ സേവീസ് മോഡ്യൂളും, ലാൻഡറും ഒക്കെ ചേർന്നാലും ഭാരം ഇതിലും കുറവായിരുന്നു . അതിനാൽ സർവീസ് മോഡ്യൂളും ലാൻഡറും ഒക്കെയടങ്ങുന്ന ചാന്ദ്രദൗത്യത്തെ നേരിട്ട് ചന്ദ്രനിലേക്കയക്കാൻ സാറ്റേൺ V വിക്ഷേപണ വാഹനത്തിനായി .

GSLV Mk-III (Geosynchronous Satellite Launch Vehicle Mark III ) ക്ക് നേരിട്ടു ട്രാൻസ് ലൂണാർ ഇൻജെക്ഷൻ ഓർബിറ്റിലേക്ക് ഏതാണ്ട് 2.5 ടൺ ഭാരമേ പായിക്കാനാവൂ . ചാന്ദ്രയാൻ -2 വിന്റെ മൊത്തഭാരമാകട്ടെ 3.8 ടണ്ണിനടുത്താണ് . ഈ ഭാരത്തെ നേരിട്ട് ട്രാൻസ് ലൂണാർ ഇൻജെക്ഷൻ ഓർബിറ്റിലേക്ക് കടത്തിവിടാനുള്ള കരുത്ത് GSLV Mk-III വിക്ഷേപണവാഹനത്തിനില്ല . പക്ഷെ പരോക്ഷമായി അത് ചെയ്യാനുള്ള മാർഗങ്ങളുണ്ട് .

പേടകത്തെ ആദ്യം ഒരു ദീർഘവൃത്താകാരമായ ജിയോ സ്റ്റേഷനറി ട്രാൻസ്ഫെർ ഓർബിറ്റിൽ ആക്കുകയാണ് ആദ്യ പടി. ഒരു ദീർഘവൃത്താകാരമായ ഓർബിറ്റിൽ സഞ്ചരിക്കുന്ന ഒരു വസ്തു ഏറ്റവും കൂടുതൽ വേഗത ആർജ്ജിക്കുന്നത്, അത് ആധാരവസ്തുവിന് ഏറ്റവും അടുത്ത് വരുമ്പോഴാണ്. ഈ സമയത്തു ഉപഗ്രഹത്തിൽ തന്നെ യുള്ള ചെറിയ ദ്രവ ഇന്ധന റോക്കറ്റ് കുറച്ചു സമയം പ്രവർത്തിപ്പിച്ചാൽ ഓർബിറ്റൽ വേഗത വർധിക്കുകയും പേടകത്തെ കൂടുതൽ വിദൂരമായ ഒരു ബിന്ദുവിൽ എത്തിക്കാനും ആവും . ഇങ്ങനെ പല തവണ അപ്പോഗീയിൽ വച്ച് പേടകത്തിലെ ദ്രവ ഇന്ധന റോക്കറ്റ് പ്രവർത്തിപ്പിച്ചാണ് ചന്ദ്രയാൻ 2 ട്രാൻസ് ലൂണാർ ഇൻജെക്ഷൻ പഥത്തിൽ എത്തിച്ചേരുന്നത് . അതിനെടുക്കുന്ന ഈ കാലവിളംബമാണ് ഈ സമയം .

ഈ രീതിയുടെ മേന്മ ഇതാണ് 3.8 ടൺ ഭാരം നേരിട്ടു ട്രാൻസ് ലൂണാർ പഥത്തിൽ എത്തിക്കാൻ ഇപ്പോൾ നമുക്കാവില്ല . അതിനു പ്രാപ്തമായ ഒരു വിക്ഷേപണവാഹനവും നമുക്കില്ല . അതിനു വേണ്ടിവരുന്ന ചെലവും ഇപ്പോഴത്തേതിനേക്കാൾ വളരെ കൂടുതലായിരിക്കും .

ചുരുക്കത്തിൽ ഒരു എളുപ്പവിദ്യയിലൂടെ ട്രാൻസ് ലൂണാർ ഇൻജെക്ഷൻ നേടിയെടുക്കുകയാണ് ചന്ദ്രയാൻ -2 ചെയ്യുന്നത്‌ . അമ്പതു ദിവസം എടുക്കുമെങ്കിലും നേരിട്ട് ട്രാൻസ് ലൂണാർ ഇൻജെക്ഷൻ നേടിയെടുക്കുന്നതിന് പകുതി ചെലവിൽ ചന്ദ്രനിൽ എത്താം .

അടുത്ത കാലങ്ങളിൽ വിക്ഷേപിക്കപ്പെടുന്ന മിക്ക ഇന്റർ പ്ലാനെറ്ററി പ്രോബുകളും ഇത്തരത്തിലെ അനേകം സൂത്രങ്ങൾ ഉപയോഗിച്ചാണ് ലക്ഷ്യത്തിൽ എത്തുന്നത് . 1997 ൽ ശനി ഗ്രഹത്തിലേക്ക് വിക്ഷേപിച്ച കാസ്സിനി പേടകം ആദ്യം പറന്നത് ശുക്രനിലേക്കായിരുന്നു .ശുക്രനിൽനിന്നും ഗ്രാവിറ്റി അസിസ്റ്റ് നേടി , ഭൂമിക്കടുത്തെത്തി ഭൂമിയിൽ നിന്നും ഗ്രാവിറ്റി അസിസ്റ്റ് ലൂടെ വേഗത ആർജിച്ചാണ് കാസ്സിനി ശനി ഗ്രഹത്തിലേക്ക് കുതിച്ചത് .