അന്ന് എം എം മണി പറഞ്ഞത് ഇതേ ശ്രീറാം വെങ്കിട്ടരാമനെക്കുറിച്ച്

വാഹനമിടിച്ചു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട വിഷയത്തിൽ പ്രതി സ്ഥാനത്തു നിൽക്കുന്ന വിവാദ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപാനിയും കുഴപ്പക്കാരനുമാണെന്ന തരത്തിൽ എം എം മണി നടത്തിയ പ്രസംഗം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അടിമാലി ഇരുപതേക്കറിലാണ് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു പ്രസംഗം നടത്തിയത്. എന്നാൽ ഈ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്തു അന്ന് മാധ്യമങ്ങൾ വിവാദമുണ്ടാക്കിയിരുന്നു. എന്നാൽ എം എം മണി അന്ന് ഉന്നയിച്ച വിമർശനങ്ങൾ ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ സംഭവങ്ങൾ.

“അവിടെ ഇവന്റെ കൂടെയാ, സബ്കളക്ടറുടെ കൂടെയാ വൈകുന്നേരം. പണ്ട് സുരേഷ്‌കുമാറ് വന്നിട്ട് കള്ളുകുടി, കെയിസ് കണക്കിനായിരുന്നു ബ്രാണ്ടി. എവിടെ…… പൂച്ച, പഴയ നമ്മുടെ പൂച്ച. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കുടിയും സകല പണിയുമുണ്ടായിരുന്നു. പെമ്പിളൈ ഒരുമൈ നടന്നു, അന്നും കുടിയും സകലവൃത്തികേടും നടന്നിട്ടുണ്ടവിടെ. മനസിലായില്ലേ? ആ വനത്തില്‍ അടുത്തുള്ള കാട്ടിലായിരുന്നു പണിയന്ന്. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നു അന്ന്. എല്ലാരും കൂടിക്കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാം. മനസിലായില്ലേ? ഞാനത് ഇന്നലെ പറഞ്ഞു അവിടെ, ചാനലുകാരും കൂടി പൊറുതിയാണെന്ന് പറഞ്ഞു. പിന്നെ ആഹാ. പിന്നെ പുള്ളിക്ക് ഉപേക്ഷിക്കാന്‍ പറ്റുമോ. ആഹാ. പിന്നെ പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല” ഇതായിരുന്നു എം എം മണിയുടെ പ്രസംഗത്തിൽ വിവാദമായ ഭാഗം.

ഇത് നിരവധി വിമർശനങ്ങൾകിടയാക്കിയിരുന്നു, കോടതി നടപടികൾ വരെ എത്തിയിരുന്നു. തുടർന്ന് മണിക്ക് സിപിഎം പരസ്യ ശാസന നൽകിയിരുന്നു.