അന്താരാഷ്ട്ര തലത്തിൽ കേരളത്തിന് അഭിമാനമായി ഈ താരങ്ങൾ

അന്താരാഷ്ട്ര തലത്തിൽ കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ജിബിൻ വില്യംസ്, നിധിൻ പ്രേം,മുഹമ്മദ് റാബിത് എന്നിവർ.ഹംഗറിയില്‍ വച്ചു നടന്ന യൂറോ സ്‌കില്‍സ് മത്സരത്തിലും അബുദാബിയില്‍ നടന്ന ഏഷ്യാ സ്‌കില്‍സ് മത്സരത്തിലും, മെല്‍ബണില്‍ നടന്ന ഗ്ലോബല്‍ സ്‌കില്‍സ് ഓസ്‌ട്രേലിയ മത്സരത്തിലും, ഹൈടെക്ക് റഷ്യ മത്സരത്തിലും പങ്കെടുത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയത്.

സംസ്‌ഥാന തൊഴിൽ നൈപുണ്യ വകുപ്പിന്റെ നൈപുണ്യ വികസന മിഷനായ കേരളാ അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും (കെയ്‌സ്), വ്യാവസായിക പരിശീലന വകുപ്പും വഴി സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ് കേരള 2018 ല്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവരാണ് ഇവർ.
ഇവരെ കൂടാതെ മുഹമ്മദ് ബിലാൽ,സുഷിത് കെ എസ്,ഫ്രാൻസിസ് ലിജോ,അദ്വൈത് എ ജെ എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ചു ഹംഗറിയിലും,റഷ്യയിലും നടന്ന യൂറോ സ്‌കിൽസ് മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിരുന്നു.ജിബിന്‍ വില്ല്യംസ് (ഫ്‌ലോറിസ്ട്രി), മുഹമ്മദ് റാബിത് (വാള്‍ ആന്‍ഡ് ഫ്‌ലോര്‍ ടൈലിംഗ്), നിധിന്‍ പ്രേം (3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ട്) എന്നിവര്‍ ഓഗസ്റ്റ് മാസം റഷ്യയിലെ കസാനില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

യുവാക്കളുടെ തൊഴില്‍ ശേഷിയും നൈപുണ്യ നിലവാരവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യ സ്‌കില്‍സ് കേരള 2018 സംഘടിപ്പിച്ചത്. 7500 ഓളം യുവതീ യുവാക്കള്‍ 20 മത്സരയിനങ്ങളിലായാണ് സംസ്ഥാന തലത്തില്‍ മത്സരിച്ചത്.സംസ്ഥാനത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച പ്രതിഭകളെ ജൂലൈ 10ന് വൈകുന്നേരം മൂന്നുമണിക്ക് തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ സംസ്ഥാന സര്‍ക്കാര്‍ നൈപുണ്യ വാരാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും.