തി​രു​വ​ന​ന്ത​പു​രം: അന്തര്‍സംസ്ഥാന ബസുകളിലെ അമിതചാര്‍ജ് നിയന്ത്രിക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. നിരക്ക് ഏകീകരണം പഠിക്കാന്‍ ജ.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ലൈസന്‍സില്ലാത്ത ബുക്കിങ് ഏജന്‍സികള്‍ പൂട്ടിക്കും. ജൂണ്‍ ഒന്നുമുതല്‍ ബസുകള്‍ക്ക് ജിപിഎസ് നിര്‍ബന്ധമാണ്. കെഎസ്ആര്‍ടിസി കഴിയുന്നതും അന്തര്‍സംസ്ഥാന ബസുകള്‍ റദ്ദാക്കില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അതേസമയം അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കുന്നു. ജൂണ്‍ 30ന് മുന്‍പ് ജി.പി.എസ് ഘടിപ്പിക്കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗതകമ്മീഷണര്‍ സുദേഷ് കുമാര്‍ പറഞ്ഞു. അമിതവേഗത്തില്‍ ഓടുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി കര്‍ശനമാക്കും . ജി.പി.എസ് ഘടിപ്പിക്കുന്നതോടെ കമ്മീഷണര്‍ ഓഫീസിലിരുന്ന് തന്നെ ബസുകളെ നിരീക്ഷിക്കാന്‍ കഴിയും. അമിതവേഗത്തിന് ഡ്രൈവര്‍മാര്‍ക്കെതിരെയാകും ഇനി നടപടി. നിലവില്‍ വാഹന ഉടമയ്ക്കാണ് നോട്ടീസ് നല്‍കിയിരുന്നത്. ഓരോ സര്‍വീസിലും ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചെക്ക് പോസ്റ്റില്‍ നല്‍കണം.

ക്രിമിനല്‍ പശ്ചാത്തലമുള്ള ജീവനക്കാരെ ബസുകളില്‍ നിന്ന് ഒഴിവാക്കും. ടിക്കറ്റ് ബുക്കിങ് ഏജന്‍സികള്‍ക്ക് ലൈസന്‍സുകൂടി ഏര്‍പ്പെടുത്തുന്നതോടെ അമിതചാര്‍ജ് ഈടാക്കുന്നത് ഉള്‍പ്പടെയുള്ള ചൂഷണം അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റ പ്രതീക്ഷ.