അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ച്‌ കെഎസ്‌യു

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ കെഎസ്‌യു സെക്രട്ടറിയേറ്റിന് മുമ്ബില്‍ നടത്തിയ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു.കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരസമരം നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി. പോലീസാണ് അഭിജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.

ഇനിയുള്ള സമരം കൂടുതല്‍ ശക്തമായിരിക്കുമെന്ന് ഡീന്‍ മാധ്യമങ്ങളോട് പറഞ്ഞു. വീട്ടമ്മമാരെ പങ്കെടുപ്പിച്ച്‌ സമരം നടത്തുമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് പറഞ്ഞു. അതേസമയം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ കനത്ത സംഘര്‍ഷമുണ്ടായി. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം ഉപയോഗിച്ചു.

പോലീസിന് നേരെ കുപ്പികളും കല്ലുകളും മരകഷണങ്ങളും പ്രവര്‍ത്തകര്‍ എറിഞ്ഞു ഇതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിലേക്ക് കൊണ്ടുപോയി. പ്രവര്‍ത്തകര്‍ ഇതുവരെ ഒഴിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല. പ്രകോപനമായ രീതില്‍ പ്രവര്‍ത്തകര്‍ പെരുമാറിയതോടെയാണ് പോലീസ് പ്രതികരിച്ചത്. പ്രവര്‍ത്തകര്‍ നിലവില്‍ സമരപന്തലില്‍ കഴിയുകയാണ്. രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.