അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാം, പകരം മതില്‍ നിര്‍മ്മിക്കാന്‍ പണം നല്‍കണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ മൂന്ന് വര്‍ഷക്കാലം സംരക്ഷിക്കാമെന്നും പകരം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ഫണ്ടിലേക്ക് 5.7 ബില്യണ്‍ ഡോളര്‍ നല്‍കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍‌ഡ് ട്രംപ് വ്യക്തമാക്കി. യു.എസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ തയ്യാറായാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഭാഗികഭരണ സ്‌തംഭനം ഒഴിവാക്കാനാവും എന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.

യു.എസ് എന്നും കുടിയേറ്റക്കാരെ സ്വീകരിച്ച ചരിത്രമാണെന്നും അതിര്‍ത്തി മുഴുവന്‍ മതില്‍ കെട്ടാനല്ല, സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി സുരക്ഷിതമല്ലാത്ത ഭാഗത്ത് മാത്രം സ്റ്റീല്‍ കൊണ്ടുള്ള മതില്‍ കെട്ടാനാണ് തിരുമാനമെന്നും ട്രംപ് പറഞ്ഞു. ഇതിന് 5.7 ബില്ല്യന്‍ ഡോളര്‍ ആവശ്യമാണ്. ഏഴ് ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരാണ് യു.എസില്‍ ഉള്ളത്. ഇവര്‍ക്ക് പൗരത്യം ഇല്ലെങ്കിലും യു.എസില്‍ ജോലി ചെയ്യാമെന്നും നാട് കടത്താന്‍ കഴിയില്ലെന്നുമാണ് വ്യവസ്ഥ.

എന്നാല്‍, ഇത് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാം എന്നതാണ് ട്രംപിന്റെ പുതിയ വ്യവസ്ഥ. അതേസമയം, ദിവസേന ആയിരക്കണക്കിന് ആളുകളാണ് മെക്‌സിക്കോ വഴി അമേരിക്കയിലെത്തുന്നത്. ഇമിഗ്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തി അഭയാര്‍ത്ഥികളെ ചെറുത്തു നില്‍ക്കാന്‍ മതില്‍ നിര്‍മിക്കുമെന്ന ട്രംപിന്റെ പ്രസ്‌താവന നിലനില്‍ക്കെ അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തുടരുകയാണ്.

എന്നാല്‍, ട്രംപിന്റെ നയത്തില്‍ നിന്നും വിരുദ്ധമായ നിലപാടാണ് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്റേഴ്സ് മാനുവല്‍ ലോപിന്റേത്. അഭയാര്‍ത്ഥികളോട് മനുഷ്യത്വപരമായി ഇടപെടണമെന്നും മതില്‍ നിര്‍മാണത്തിന് പകരം അഭയാര്‍ത്ഥികള്‍ക്കും ജോലി നല്‍കുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടുവരണമെന്നും ആന്റേഴ്സ് പറയുന്നു.