അധ്യാപക സംഘടനകളുമായി ഇന്ന് ചര്‍ച്ച


തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന് . ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കണ്ടറി ഏകീകരണമാണ് പ്രധാന ചര്‍ച്ച. വൈകീട്ട് മൂന്നിനാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗം. ഏകീകരണ നീക്കത്തോട്ഹയര്‍ സെക്കണ്ടറിയിലെ മുഴുവന്‍ അധ്യാപക സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.

ഖാദര്‍ കമ്മിറ്റി ശുപാര്‍ശ അനുസരിച്ചാണ് സര്‍ക്കാര്‍ ഏകീകരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്. ഇതനുസരിച്ച് ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരും. ചര്‍ച്ചക്ക് ശേഷമേ തീരുമാനം എടുക്കൂ എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ അധ്യയനവര്‍ഷം ഖാദര്‍ കമ്മിറ്റിയുടെ മൂന്ന് ശുപാര്‍ശകള്‍ നടപ്പാക്കാനാണ് നീക്കം.

ഹെഡ്മാസ്റ്ററും പ്രിന്‍സിപ്പലും ഉള്ള സ്‌കൂളിലെ സ്ഥാപന മേധാവി ചുമതല പ്രിന്‍സിപ്പലിന് നല്‍കും, പൊതുവിദ്യാഭ്യാസവകുപ്പും ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റും വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റും ലയിപ്പിച്ച് ഒരു ഡയറക്ടറുടെ കീഴിലാക്കും, മൂന്ന് പരീക്ഷാ ബോര്‍ഡുകളും ഏകീകരിക്കും എന്നിവയാണ് പ്രധാന ശുപാര്‍ശകള്‍. പക്ഷെ ഒന്നും അനുവദിക്കില്ലെന്ന നിലപാടിലാണ് ഹയര്‍സെക്കണ്ടറിയിലെ അധ്യാപക സംഘടനകള്‍.

സിപിഎം-സിപിഐ അനുഭാവമുള്ള ഹൈസ്‌ക്കൂള്‍ തല അധ്യാപക സംഘടനകള്‍ ലയനത്തെ അനുകൂലിക്കുന്നുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ ഭിന്നാഭിപ്രായമുണ്ട്. ലയനവുമായി മുന്നോട്ട് പോയാല്‍ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് ഹയര്‍സെക്കണ്ടറി അധ്യാപകരുടെ തീരുമാനം.