അധികനികുതി ഈടാക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള പകപോക്കൽ : രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: വിലക്കയറ്റവും പ്രകൃതി ദുരന്തങ്ങളുടെ നാശനഷ്ടവും കൊണ്ട് നട്ടം തിരിയുന്ന ജനതയ്ക്ക് മേൽ പ്രളയസെസ് കൂടി അടിച്ചേൽപ്പിക്കാനുള്ള നീക്കം ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. പല പേരുകളിൽ ഇതിനകം അധിക നികുതി സർക്കാർ ജനങ്ങളിൽ നിന്നും ഈടാക്കുന്നുണ്ട്. 1785 കോടിയുടെ അധിക നികുതിയാണ് ബജറ്റ് വഴി അടിച്ചേൽപ്പിച്ചത്. സേവനനികുതി അഞ്ച് ശതമാനം ഏർപ്പെടുത്തിയത് കൂടാതെയാണ് അധിക നികുതി.

ഭൂമിയുടെ ന്യായവില പത്ത് ശതമാനം ഇതിന് മുമ്പേ വർധിപ്പിച്ചിരുന്നു. ഈ നികുതികൾ കൊണ്ട് സാധാരണക്കാർ വീർപ്പുമുട്ടുമ്പോഴാണ് ഒരു ശതമാനം സെസ് നൽകേണ്ടി വരുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അഞ്ച് ശതമാനത്തിന് മേൽ ജിഎസ്ടി നൽകേണ്ടി വരുന്ന ഉൽപന്നങ്ങൾക്കാണ് ഇത് കൂടാതെ ഒരു ശതമാനം അധികമായി പിരിക്കുന്നത്.