അദീബിന് വേണ്ടി ജലീല്‍ നേരിട്ട് ഇടപെട്ടു; തെളിവുകള്‍ നിരത്തി പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ്.   അദീബിന് വേണ്ടി കെ.ടി. ജലീല്‍ നേരിട്ട് ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി കെ ഫിറോസ് ആരോപിച്ചു. യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ ഉത്തരവിറക്കുകയായിരുന്നു. മന്ത്രിയുടെ ഇടപെടല്‍ അദീബിന് വേണ്ടിയെന്ന് പി.കെ ഫിറോസ് ആരോപിച്ചു.

മന്ത്രിസഭ തീരുമാനിച്ച യോഗ്യതയെന്ന് സാമൂഹിക നീതി വകുപ്പ് സെക്രട്ടറി കുറിപ്പ് നല്‍കുകയും ചെയ്തു. അടിസ്ഥാന യോഗ്യതയല്ല അധികയോഗ്യതയെന്ന് കാട്ടി മുഖ്യമന്ത്രിക്ക് മന്ത്രി കത്തുനല്‍കി. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ ക്രമക്കേടെന്ന് അറിയണമെന്നും കോഴിക്കോട്ട് തുറന്നടിച്ചു.

കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇത്. മന്ത്രിസഭയെത്തന്നെ മറികടന്ന അനുഭവമാണിത്. ജയരാജനെ പേടിക്കാത്ത മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിനെ ഭയക്കുന്നു. ഇക്കാര്യത്തില്‍ ജലീല്‍ കബളിപ്പിച്ചോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.