അത്‍ലറ്റിക്കോയില്‍ നിന്ന് ഗ്രീസ്മാന്‍ പടിയിറങ്ങുന്നു

അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രെഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മന്‍ ഈ സീസണോടെ ടീം വിടുമെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് താരം ഇക്കാര്യം പുറത്ത് വിട്ടത്. 2014 മുതല്‍ അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമായിരുന്ന ഈ ഇരുപത്തിയെട്ടുകാരന്‍ സ്പാനിഷ് വമ്ബന്മാരായ ബാഴ്സലോണയിലേക്ക് എത്തുമെന്നാണ് സൂചന.

ഗ്രീസ്മന്റെ റിലീസ് ക്ലോസായ 125 മില്ല്യണ്‍ തുക നല്‍കാന്‍ ബാഴ്സലോണ തയ്യാറായതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. നേരത്തെയും പലതവണ താരം ബാഴ്സലോണയിലെത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇത്തവണ അത് യാഥാര്‍ത്ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ഗ്രീസ്മന്‍ ടീം‌ വിടുന്നതോടെ അത്ലറ്റിക്കോ മാഡ്രിഡ് വന്‍ പ്രതിസന്ധിയിലാകും.

അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി 255 മത്സരങ്ങളില്‍ ജേഴ്സിയണിഞ്ഞ ഗ്രീസ്മന്‍ 133 ഗോളുകള്‍ നേടിയതിനൊപ്പം, 43 ഗോളുകള്‍ക്ക് വഴിയുമൊരുക്കിയിട്ടുണ്ട്. അതേ സമയം ഗ്രീസ്മന്‍ എത്തുന്നതോടെ ബാഴ്സലോണയുടെ മുന്നേറ്റം ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റതാവും. മെസിയും, ഗ്രീസ്മനും, സുവാരസും ചേര്‍ന്നുള്ള മുന്നേറ്റ നിരയെ തടഞ്ഞുനിര്‍ത്തുക മറ്റുള്ള ടീമുകള്‍ക്ക്‌ ശ്രമകരമാകും.