അത്ഭുത കാഴ്ചകളൊരുക്കി അഞ്ചുരുളി

ചിത്രങ്ങള്‍ക്ക് കടപ്പാട് ; ഡോണ്‍ എ വി കെ

ഇടുക്കിയുടെ സഞ്ചാര ഭൂപടത്തില്‍ അധികം പ്രശസ്തമായിരുന്നില്ല അഞ്ചുരുളി.അടുത്തകാലത്തിറങ്ങിയ ശ്രദ്ധേയമായ മലയാള ചിത്രങ്ങളുടെ പ്രധാന ലൊക്കേഷനായതോടെ അഞ്ചുരുളി ടണലും ഡാമുമെല്ലാം സഞ്ചാരികളുടെ കേന്ദ്രമായി മാറി.

വിസ്തൃതമായ ഇടുക്കി ജലാശയവും ചുറ്റിനും ഇടതൂര്‍ന്ന കാടുകളും കല്യാണത്തണ്ട് മലനിരകളും ഇരട്ടയാര്‍ ഡാമില്‍ നിന്നും ജലമെത്തിക്കുന്നതിനായി നിര്‍മ്മിച്ച അഞ്ചുരുളി ടണലും തടാക ത്തിനു നടുവിലെ ഇടത്തുരുത്തും സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്. ടണലും ക്യാച്ച് ഡാമുമാണ് പ്രധാന ആകര്‍ഷണങ്ങള്‍.

കോലഞ്ചേരിയിലെ പ്രമുഖ കോണ്‍ട്രാക്ടര്‍ പൈലിപ്പിള്ളയുടെ നേതൃത്വത്തില്‍ 1974 ല്‍ നിര്‍മാണം ആരംഭിച്ച ടണല്‍ 1980 ജനുവരി 30 ന് ഉദ്ഘാടനം ചെയ്തു. കല്യാണതണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ടണല്‍ നിര്‍മിച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ക്ക് കടപ്പാട് ; ഡോണ്‍ എ വി കെ

കമിഴ്ത്തി വച്ച ഉരുളിയുടെ ആകൃതിയിലുള്ള അഞ്ചു മലകള്‍ക്ക് നടുവിലാണ് ഇടുക്കി അണക്കെട്ടിന്റെ ക്യാച്ച് ഡാം സ്ഥിതിചെയ്യുന്നത്. അഞ്ചുരുളി എന്ന പേരും ഈ ഭൂപ്രകൃതിയുടെ സംഭാവനയാണ്. റിസര്‍വോയറിന്റെ ടണല്‍ തുറക്കുമ്പോള്‍ ക്യാച്ച് ഡാം നിറയും.അമല്‍ നീരദിന്റെ ഈയോബിന്റെ പുസ്തകമെന്ന ചിത്രത്തില്‍ അഞ്ചുരുളി ടണലിനെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്‌

മഴക്കാല യാത്രയില്‍ ടണലിന്റെ ഉള്‍ഭാഗം ആസ്വദിക്കാനാകില്ല.മഴകുറഞ്ഞ സമയമാണ് ടണലിലൂടെ അളുകളെ കടത്തിവിടുക.അരകിലോമീറ്റര്‍ ദൂരമേ ടണലിനകത്ത് വെളിച്ചമുണ്ടാകൂ.അതിനപ്പുറം അപകട മേഖലയാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട് ; ഡോണ്‍ എ വി കെ

തിരുവനന്തപുരം കൊല്ലം പത്തനം തിട്ട ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് എരുമേലി വഴി കോട്ടയം അതിര്‍ത്തിയായ മുണ്ടക്കയത്തെത്തിയ ശേഷം കുട്ടിക്കാനം കട്ടപ്പന റൂട്ടില്‍ ഇവിടെയെത്താം. വടക്കന്‍ ജില്ലക്കാര്‍ക്ക് തൊടുപുഴ കട്ടപ്പന റൂട്ടിലൂടെ ഇവിടെയെത്തിച്ചേരാം. കട്ടപ്പന -കൂട്ടിക്കാനം റൂട്ടില്‍ കക്കാട്ടുകട കവലയില്‍ നിന്ന് വലത്തോട്ട് മൂന്ന് കിലോമീറ്റര്‍ ദൂരം കടന്നാല്‍ അഞ്ചുരുളിയായി