ഷിക്കാഗോ: അമേരിക്കയുടെ മിഡ്വെസ്റ്റ് മേഖല കഴിഞ്ഞ ഏതാനും പതിറ്റാണ്ടിനിടെ നേരിട്ട ഏറ്റവും രൂക്ഷമായ അതിശൈത്യത്തിന്റെ ദിനങ്ങളാണ് കടന്നു പോയത്. ശൈത്യത്തിന്റെ കാഠിന്യം ഇപ്പോള്‍ കുറഞ്ഞുവങ്കിലും കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്താന്‍ വാരന്ത്യം വരെയെങ്കിലും കാത്തിരിക്കണം. അതിശൈത്യത്തില്‍ ഇതുവരെ കുറഞ്ഞത് 21 പേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്നാണ് കണക്ക്.
90 മില്യണ്‍ ജനങ്ങള്‍ അഥാവാ അമേരിക്കയിലെ മൂന്നിലൊന്നു പേര് മൈനസ് 17 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള കാലാവസ്ഥ അനുഭവിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. തണുപ്പിന്റെ കാര്യത്തില്‍ കുറഞ്ഞത് 30 റിക്കാര്ഡുകളെങ്കിലും സൃഷ്ടിച്ചു കൊണ്ടാണ് മിഡ്വെസ്റ്റില്‍ നിന്ന് അതിശൈത്യം പിന്‍വാങ്ങുന്നത്. വ്യാഴാഴ്ച അമേരിക്കയിലെ ഏറ്റവും തണുപ്പേറിയ സ്ഥലമായി രേഖപ്പെടുത്തിയത് മിനിസോട്ടയിലെ കോട്ടന്‍ ആണ്. മൈനസ് 48 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ താപനില. 2014 ലെ അതിശൈത്യം രാജ്യത്തിന് അഞ്ചു ബില്യണ്‍ ഡോളറിന്റെ കെടുതികളാണ് ഉണ്ടാക്കിയതെങ്കില്‍ ഇക്കുറി സംഖ്യ അതു കടത്തി വെട്ടുമെന്ന് ഉറപ്പാണ്.
അതിശൈത്യത്തെ തുടര്‍ന്ന് 2300 ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരികയും, 3500 ലധികം സര്‍വീസുകള്‍ വൈകുകയും ചെയ്തുവെന്നാണ് കണക്ക്. പല നഗരങ്ങളും ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്.
ശീതകാലങ്ങളില്‍ ആര്‍ട്ടിക് മേഖലയില്‍ രൂപപ്പെടുന്ന കാറ്റിന്റെ ചുഴികളില്‍ പെട്ട് മഞ്ഞ് മലകള്‍ ധ്രുതഗതിയില്‍ പൊട്ടിത്തെറിച്ച് തെക്കുപടിഞ്ഞാറിലേയ്ക്ക് വരുന്ന ‘ശീതവിസ്ഫോടനം’ അഥവാ ‘പോളാര്‍ വൊര്‍ട്ടെക്സ്’ എന്ന പ്രതിഭാസമാണ് ഇപ്പോഴത്തെ കൊടും തണുപ്പിന് കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.