അഞ്ച് വിളക്കിന്റെ അത്ഭുത ചരിത്രം

വിനോദ് വേണുഗോപാൽ

പാലക്കാട്ടെ അഞ്ചുവിളക്കിനെയറിയണമെങ്കിൽ രത്നവേൽ ചെട്ടിയെ അറിയണം …. !

ബ്രിട്ടീഷ് ഭരണകാലം . സാമ്രാജ്വത്വത്തിന്റെ നെടുംതൂണുകളിലൊന്നായിരുന്ന , കരിമഷിക്കറുപ്പുള്ള , അജാനബാഹുവായ രത്നവേൽ ചെട്ടിയെന്ന ഐ സി എസ് ഉദ്യോഗസ്ഥന്‍ വെള്ളക്കാരായ രണ്ട് സഹപ്രവർത്തകർക്കും , അവരുടെ ഭാര്യമാർക്കും തന്‍റെ വീട്ടില്‍ വിരുന്നൊരുക്കുന്നു . വിരുന്നിനിടെ വെള്ളക്കാരുടെ ഭാര്യമാരിലൊരാൾ ഇങ്ങനെ പറഞ്ഞു : –

” നാല് കൊക്കുകൾ , ഒരു കാക്ക ”

( വെള്ളക്കാരും ഭാര്യമാരും നാല് കൊക്കുകളും , ഭാരതീയനായ രത്നവേൽ ചെട്ടി കാക്കയും എന്ന് വ്യംഗ്യം )

വർണ്ണവെറിയുടെ അപമാനഭാരം പേറിയ ആ വാക്കുകൾ കേട്ട് മനംനൊന്ത രത്നവേൽ ചെട്ടി തന്‍റെ വീടിന്‍റെ ഒന്നാം നിലയിലെ കിടപ്പറയിൽ സ്വയം വെടിവെച്ച് മരിക്കുന്നു .

( എന്നാൽ , ബ്രിട്ടീഷ് പ്രതിനിധി പാലക്കാട് സന്ദർശിച്ച സമയത്ത് , ഹസ്തദാനം ചെയ്ത് സ്വീകരിച്ചതിന് അന്നത്തെ പാലക്കാട് ഡെപ്യൂട്ടി കലക്ടറായിരുന്ന രത്നവേൽ ചെട്ടിയെ മേലുദ്യോഗസ്ഥനായ സായിപ്പ് പരസ്യമായി അപമാനിച്ചെന്നും , ഇതിൽ മനംനൊന്താണ് രത്നവേൽ ചെട്ടി ആത്മഹത്യ ചെയ്തതെന്നും മറുപക്ഷമുണ്ട് )

” തൊലിനിറം തന്നെയായിരുന്നു കൊലയാളി ”

ശേഷം …..

പാലക്കാടിന് നഗരസഭാപദവി ലഭിച്ച് ഏതാനും മാസങ്ങള്‍ മാത്രമുള്ളപ്പോൾ , ജാതീയതയിലും , അനാചാരങ്ങളിലും മനസ്സ് അസ്വസ്ഥമായ പൊൻമുടി തറവാട്ടിലെ കാരണവർ ” ചാമിയാരപ്പൻ ” തന്‍റെ സുഹൃത്തും , പാലക്കാട് നഗരസഭാ ചെയർമാനുമായിരുന്ന ശിവരാമകൃഷ്ണയ്യരെ കാണാൻ കാളവണ്ടിയില്‍ പുറപ്പെട്ട് നഗരസഭയിലെത്തി . സാമ്രാജ്വത്വ ഭരണത്തിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി , ബ്രിട്ടീഷുകാരെ അധികം മുഷിപ്പിക്കാതെ നന്മയുള്ള ഒരു സ്മാരകം പാലക്കാട് നഗരത്തിന്‍റെ ഹൃദയഭാഗത്ത് , അതും കോട്ടയുടെ നേർക്കുള്ള കവലയിൽ , അഞ്ച് വിളക്ക് സ്ഥാപിക്കണമെന്ന് അയ്യരോടാവശ്യപ്പെട്ടു .

” നാല് അതിഥികളും , ഒരു ആതിഥേയനും ”

എന്നാണ് ” ചാമിയാരപ്പൻ ” അഞ്ച് വിളക്കുകൊണ്ടുദ്ദേശിച്ചത് .

 

ചാമിയാരപ്പന്റെ ശുപാർശക്ക് നഗരസഭാ ചെയർമാൻ ശിവരാമകൃഷ്ണയ്യർ ഉടൻ തന്നെ നടപടിയെടുത്ത് പണി കഴിപ്പിച്ചതാണ് കോട്ട മൈതാനത്തിനും , നഗരസഭാ കാര്യാലയത്തിനും മദ്ധ്യേയായി നാം ഇന്ന് കാണുന്ന അഞ്ച് വിളക്ക് .

പുലിക്കാട്ടിൽ രത്നവേൽ ചെട്ടിയെ പുതു തലമുറക്കറിയാത്തത് കാരണമാണ് പാലക്കാടിന്റെ മുഖമുദ്രയായ ” അഞ്ച് വിളക്ക് ” രാഷ്ട്രീയക്കൊടി തോരണങ്ങളാലും , പരസ്യബോർഡുകളാലും അവഗണിക്കപ്പെടുന്നത്…!