അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് കേസ്;വാദം കേള്‍ക്കുന്നത് മാറ്റി

ന്യൂഡല്‍ഹി; അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് കേസ് പരിഗണിക്കുന്നത് താല്‍ക്കാലികമായി മാറ്റി വച്ചു. അഴിമതിക്കേസുമായ് ബന്ധപ്പെട്ട കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച്‌ അന്വേഷണം നടത്തി മറുപടി നല്‍കണമെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി എന്‍ഫോഴ്‌സമെന്റെ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടതോടെയാണ് കേസ് താല്‍ക്കാലികമായി മാറ്റി വച്ചത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ന്നതിനെ ചോദ്യം ചെയ്ത് ക്രിസ്ത്യന്‍ മിഷേല്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. കേസില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ പതിനൊന്നിലേക്കാണ് മാറ്റിയിരിക്കുന്നത്.

അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് അഴിമതിക്കേസില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിക്കാനിരുന്ന നാലാമത് കുറ്റപത്രത്തിലെ വിവരങ്ങളാണ് കോടതിലെത്തും മുന്‍പ് മാധ്യമങ്ങളുടെ കയ്യില്‍ ലഭിച്ചത്. കുറ്റപത്രത്തില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, അഹമ്മദ് പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകളുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആരുടെയും പേരുകള്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയും കുറ്റപത്രം കോടതി അംഗീകരിക്കും മുന്‍പ് ഉള്ളടക്കം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച നടപടിയെ ചോദ്യം ചെയ്തും മിഷേല്‍ ഹര്‍ജി നല്‍കി. ഇത് അംഗീകരിച്ച്‌ കൊണ്ടാണ് കോടതി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റെ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആരാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്ന് അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.