അഖിലേഷും മായാവതിയും ഒന്നിക്കുന്നു, ലക്ഷ്യം മോദിയെ പുറത്താക്കല്‍: കോണ്‍ഗ്രസിനെ കൂടെക്കൂട്ടിയില്ല

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച്‌ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതിയും രംഗത്തെത്തി. മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കി നരേന്ദ്ര മോദി സര്‍ക്കാരിനെ പുറത്താക്കാനുള്ള കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കത്തിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് പുതിയ സഖ്യം. കാല്‍നൂറ്റാണ്ടോളമായി നീണ്ട് നിന്ന ശത്രുത മറന്ന് ഒന്നിക്കാനുള്ള തീരുമാനം ഇന്ന് വൈകുന്നേരമാണ് ഇരുനേതാക്കളും ചേര്‍ന്ന് വാര്‍ത്താ സമ്മേളനം വിളിച്ച്‌ വ്യക്തമാക്കിയത്.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് തങ്ങള്‍ക്ക് ഗുണകരമാകില്ലെന്ന് ഇരുപാര്‍ട്ടികള്‍ക്കും ബോധ്യമുണ്ടെന്ന് മായാവതി തുറന്ന് പറയുകയും ചെയ്‌തു.കോണ്‍ഗ്രസുമായി കൂട്ടുചേരുന്നത് വോട്ട് നേടാന്‍ സഹായിക്കില്ലെന്ന് മുന്‍ അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് വോട്ട് നല്‍കും. എന്നാല്‍ തിരിച്ച്‌ ലഭിക്കുന്നത് കുറവായിരിക്കും. ബി.ജെ.പിക്ക് വോട്ട് മറിക്കാന്‍ കോണ്‍ഗ്രസുകാര്‍ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നതായും അവര്‍ ആരോപിച്ചു. എന്നാല്‍ സമാജ്‌വാദി – ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാക്കിയപ്പോള്‍ ഇരുപാര്‍ട്ടികള്‍ക്കും നേട്ടമുണ്ടാക്കാനായി. സീറ്റുകള്‍ തുല്യമായി വീതിക്കാനാണ് ഇരുപാര്‍ട്ടികളുടെയും പദ്ധതി. ഇന്ത്യയിലൊരിടത്തും കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കില്ലെന്നും മായാവതി വ്യക്തമാക്കി.

2017ല്‍ അഖിലേഷ് യാദവും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും അമ്ബേ പരാജയമായിരുന്നു. ഇരുവരടെയും ചിത്രങ്ങള്‍ ചേര്‍ത്തുള്ള പോസ്‌റ്ററുകള്‍ സംസ്ഥാനത്ത് നിറച്ചെങ്കിലും വോട്ട് നേടാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യഭരണം നേടാന്‍ ഏറ്റവും സഹായകമായ ഉത്തര്‍പ്രദേശില്‍ നിന്നുള്ള 80 സീറ്റുകളില്‍ 38 എണ്ണത്തില്‍ വീതമാണ് ഇരുപാ‌ര്‍ട്ടികളും മത്സരിക്കുക. യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ റായ്‌ബറേലിയിലും രാഹുല്‍ ഗാന്ധിയുടെ അമേത്തി മണ്ഡലത്തിലും സഖ്യമുന്നണിക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകില്ലെന്നാണ് സൂചന. ഈ സീറ്റുകള്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വേണ്ടി മാറ്റി വയ്‌ക്കുന്നുവെന്നാണ് അഖിലേഷ് യാദവ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഏതൊക്കെ പാര്‍ട്ടികളാണ് ഇവിടെ മത്സരിക്കുകയെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല.