അക്ബറിന്റെ ജോധക്ക്‌ പിന്നീടെന്ത്‌ സംഭവിച്ചു ?

 

അബ്ദുള്ള ബിൻ ഹുസൈൻ പട്ടാമ്പി

മുഗൾ ചക്രവർത്തി അക്ബർ വിവാഹം ചെയ്ത രജപുത്ര രാജകുമാരി ജോധാ ഭായിയെ കുറിച്ച്‌ കേൾക്കാത്തവർ വിരളമായിരിക്കും. പ്രത്യേകിച്ച്‌ ഹൃതിക്‌ റോഷനും ഐഷര്യ റായിയും തകർത്തഭിനയിച്ച ജോധാ അക്ബർ എന്ന ഹിന്ദി സിനിമ ഇറങ്ങിയ ശേഷം. അക്ബർ തന്റെ പട്ടമഹഷി ( മലിക എ ഹിന്ദുസ്ഥാൻ ) സ്ഥാനം നൽകി ദർബാറിൽ പ്രത്യേക ഇരിപ്പിടം അവർക്കായി ഒരുക്കിയിരുന്നു എങ്കിലും, അക്ബറിന്റെ ജീവിതകാലത്ത്‌ അവർ അപൂർവ്വമായേ ദർബാറിൽ എത്തിയിരുന്നൊളളൂ. പുത്രൻ സലീം രാജകുമാരന്റെ ( പിന്നീട്‌ ജഹാംഗീർ ചക്രവർത്തി എന്ന പേരിൽ അറിയപ്പെട്ടു ) ജനന ശേഷം അവനു പിറകെയായിരുന്നു ജോധയുടെ ലോകം. മുഗൾ പാരമ്പര്യമനുസരിച്ച്‌ അക്ബർ ജോധ ഭായിക്ക്‌ നൽകിയിരുന്ന സ്ഥാനപ്പേര് മറിയം സമാനി ബീഗം എന്നായിരുന്നു.

അക്ബർ അവർക്കായി പ്രത്യേക അടുക്കളയും ( ലംഗർ ഖാന ) കൊട്ടാരവും തന്റെ ഇഷ്ടദേവനായ ശ്രീകൃഷ്ണനെ ആരാധിക്കാൻ അവർക്കായി നിർമ്മിച്ച കൊട്ടാരത്തിനകത്ത്‌ ( മറിയം സമാനി മഹൽ അല്ലെങ്കിൽ ജോധാ ഭായ്‌ മഹൽ ) പൂജാമുറിയും ഒരുക്കി നൽകിയിരുന്നു. ഇന്ത്യൻ രാജപാരമ്പര്യമനുസരിച്ച്‌ ദർബാറുകളിൽ സന്നിഹിതരായിരുന്നത്‌ രാജാക്കന്മാരുടെ പട്ടമഹിഷിയും ( പ്രധാന ഭാര്യ ) രാജമാതാവും മാത്രമായിരുന്നു. മുഗൾ പാരമ്പര്യവും ഏറെക്കുറെ അങ്ങിനെ തന്നെയായിരുന്നുവെന്ന് കാണാം. അക്ബറിന്റെ ദർബാറിൽ പക്ഷെ അദ്ധേഹത്തിന്റെ വളർത്തമ്മയായിരുന്ന മഹം അംഗ ബീഗവും ( ഇവർക്ക്‌ ‘മലിക എ ആലിയ’ എന്ന പ്രത്യേക പദവി അക്ബർ നൽകിയിരുന്നു. ‘ബഡി അമ്മി’ എന്നാണവരെ ബഹുമാനപൂർവ്വം അദ്ധേഹം അഭിസംബോധന ചെയ്തിരുന്നത്. ഇവർ അക്ബറിന്റെ രാജസഭാംഗം കൂടിയായിരുന്നു.‌ ) അക്ബറിന്റെ മാതാവ്
ഹമീദാ ബാനു ബീഗവും മാത്രമായിരുന്നു നിത്യ സന്ദർശകരായുണ്ടായിരുന്നത്‌.

‘വാലിദെ സുൽത്താൻ’ എന്ന പദവിയാണ് അക്ബർ ഹമീദാ ബാനുവിനു നൽകിയിരുന്നത്‌. ‘രാജമാതാവ്’‌ എന്നാണതിന്റെ അർത്ഥമെങ്കിലും ഫർമാൻ ( പ്രത്യേക രാജകീയ ഉത്തരവുകൾ ) ഇറക്കാനുളള അവകാശം ഉൾപ്പടെ പല അധികാരങ്ങളും വാലിദെ സുൽത്താൻ പദവിക്ക്‌ കീഴിൽ ഉണ്ടായിരുന്നു. ഇരുവർക്കുമായി പ്രത്യേക ഇരിപ്പിടങ്ങൾ വരെ ദർബാറിൽ അദ്ധേഹം തയ്യാറാക്കിയിട്ടുണ്ടായിരുന്നു. മുഗൾ പാരമ്പര്യത്തിനു വിരുദ്ധമായി രജപുത്ര പാരമ്പര്യമനുസരിച്ച്‌ ഭർത്താവ്‌ അക്ബർ ചക്രവർത്തി മരണപ്പെട്ട ശേഷം വെളള വസ്ത്രം മാത്രമാണ് മറിയം സമാനി ബീഗം എന്ന ജോധ ഭായ്‌ അണിഞ്ഞിരുന്നത്‌. എന്നാൽ പിന്നീട്‌ കൊട്ടാരക്കെട്ടിൽ ഒതുങ്ങിക്കൂടാതെ ജോധ സജീവമാവുന്ന കാഴ്ച്ചയാണ് നമുക്ക്‌ കാണാനാവുക‌. അതിനൊരു കാരണം തന്റെ പുത്രനും മുഗൾ ചക്രവർത്തിയുമായ ജഹാംഗീറിന്റെ “ഭരണനൈപുണ്യം” തന്നെയായിരുന്നു. തുടക്കത്തിൽ നല്ലൊരു ഭരണാധികാരി ആയിരുന്നുവെങ്കിൽ പിന്നീടദ്ധേഹം ചിത്രരചനയിലും മധ്യപാനത്തിലും സമയം ചെലവിടാൻ തുടങ്ങി. അക്കാലത്ത്‌ യഥാർത്ഥത്തിൽ ഭരണം കയ്യാളിയിരുന്നത്‌ അദ്ധേഹത്തിന്റെ പത്‌നി നൂർജഹാനും രാജാമാതാവായ ജോധാ ഭായിയും ഭാര്യാപിതാവും ചേർന്നായിരുന്നു എന്ന് പറയുന്നതാവും ശരി.

ഭരണകാര്യങ്ങളിൽ പുത്രനെ സഹായിക്കുന്നതോടൊപ്പം തന്നെ ജോധ സ്വന്തമായി നിരവധി ചരക്കു കപ്പലുകളുടെ ഉടമയും അക്കാലത്തെ പ്രമുഖ വ്യാപാരിയും കൂടിയായിരുന്നു.
ചരക്കുകൾ നിറച്ച അവരുടെ കപ്പലുകൾ ജിദ്ധ , അലക്സാണ്ട്രിയ , ബസ്ര , ഏദൻ , ദോഫാർ , കോഴിക്കോട്‌ തുടങ്ങിയ പ്രസിദ്ധ തുറമുഖങ്ങളിലേക്ക്‌ യാത്രകൾ നടത്തിയിരുന്നു. പറങ്കികളുടെ കടുത്ത ഭീഷണി നിലനിൽക്കെ തന്നെയായിരുന്നു അറബിക്കടലിലൂടെ അവരുടെ കപ്പലുകൾ സഞ്ചരിച്ച്‌ കൊണ്ടിരുന്നത്‌. മുഗൾ രാജമാതാവിന്റെ കപ്പലുകൾ എന്ന നിലക്കാവാം പോർച്ചുഗീസുകാർ ജോധയുടെ കപ്പലുകൾക്ക്‌ നേരെ ആദ്യമൊക്കെ തിരിയാൻ ഭയപ്പെട്ടിരുന്നത്‌. എന്നാൽ നാവിക ശക്തിയിൽ ഏറെ പിറകിലായിരുന്ന മുഗൾ സാമ്രാജ്യത്തിന്റെ കടൽ ശക്തി തിരിച്ചറിഞ്ഞതോടെ ജോധയുടെ കൂറ്റൻ കപ്പലായ റഹീമി പറങ്കികൾ പിടിച്ചെടുക്കുകയുണ്ടായി. ( ഒരു മുഗൾ സൂബയുടെ വലിപ്പം പോലും ഇല്ലാതിരുന്ന സാമൂതിരിയുടെ കോഴിക്കോടായിരുന്നു അക്കാലത്തെ ഹിന്ദുസ്ഥാനിലെ ഏറ്റവും വലിയ നാവിക ശക്തി എന്നോർക്കണം ).

സൗജന്യമായി തീർത്ഥാടകരെ മക്കയിലേക്കെത്തിക്കാനും ചരക്കുകൾ കയറ്റാനുമായിരുന്നു ജോധാ ഭായ്‌ ‘റഹീമി’ എന്ന തന്റെ ഈ പടുകൂറ്റൻ കപ്പൽ ഉപയോഗിച്ചിരുന്നത്‌. ഗുജറാത്തിലെ സൂറത്തിൽ നിന്നും ഇന്നത്തെ സൗദിയിലെ ജിദ്ധയിലേക്കാണ് ഈ കപ്പൽ യാത്ര നടത്തിയിരുന്നത്‌. സൂറത്തിൽ ഒരു മുസാഫർ ഖാനയും ( യാത്രികർക്ക്‌ താമസിക്കാനുളള സത്രം ) മസ്ജിദും ജോധ നിർമ്മിക്കുകയുണ്ടായി. എന്നാൽ ഇന്നിവ നിലവിലില്ല. ഗുജറാത്തിലുണ്ടായ ഒരു ഭൂകമ്പത്തിൽ അവ നശിച്ചുവെന്ന് കരുതപ്പെടുന്നു. ജോധയുടെ റഹീമി കപ്പൽ വിട്ടുകിട്ടാൻ അവസാനം ജഹാംഗീറിനു പറങ്കികളുടെ ആധിപത്യത്തിനു കീഴിലുണ്ടായിരുന്ന ദാമൻ ആക്രമിക്കേണ്ടി വന്നു. പത്തുലക്ഷമായിരുന്നു ജഹാംഗീർ വാർഷിക സംഖ്യയായി ജോധാ ഭായിക്ക്‌ നൽകിയിരുന്നത്‌. നിരവധി സത്രങ്ങളും കിണറുകളും പൂന്തോട്ടങ്ങളും ജോധ ഭായ്‌ നിർമ്മിചിട്ടുണ്ട്‌. “മലിക എ ആലിയ” , “വാലിദെ സുൽത്താൻ” പദവികളും ദർബാറിൽ പ്രത്യേക സ്ഥാനവും ജഹാംഗീർ അവർക്ക്‌ നൽകിയിരുന്നു. ആരോഗ്യം നശിക്കുന്നത്‌ വരെ തന്റെ പുത്രനായ ജഹാംഗീറിനെ സഹായിക്കാൻ മുഗൾ ദർബാറിൽ അവർ സ്ഥിരമായി എത്താറുണ്ടായിരുന്നു. അവരെ ഏറെ സ്നേഹിച്ചിരുന്ന പുത്രൻ ജഹാംഗീർ , അവരുടെ പേരിൽ ലഹോറിൽ പളളിയും പൂന്തോട്ടവും , അവരുടെ മരണ ശേഷം ഓർമ്മക്കായി ആഗ്രയിലെ സിക്കന്ദ്രയിൽ അക്ബറിന്റെ ശവകുടീരത്തിനു സമീപം ശവകുടീരവും പൂന്തോട്ടവും നിർമ്മിക്കുകയുണ്ടായി. അവസാന കാലം വരെ ശ്രീകൃഷ്ണ ഭക്തയായാണ് ജോധ ജീവിച്ചിരുന്നത്‌.